ദുബായ്: മണിക്കൂറില്‍ പത്തുകിലോമീറ്റര്‍ നീന്തി മാലിന്യം വിഴുങ്ങുന്ന വാട്ടര്‍ ഷാര്‍ക്ക് ദുബായ് മറീനയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കൗതുകമാവുകയാണ്. ‘വാട്ടര്‍ ഷാര്‍ക്ക്’ എന്നുപേരിട്ടിരിക്കുന്ന ഈ ഡ്രോണ്‍ വിഴുങ്ങുന്നത് കടലിലെ മാലിന്യങ്ങളാണ്.
ഇത് പ്ലാസ്റ്റിക്, എണ്ണ, അവശിഷ്ടങ്ങള്‍, പായല്‍ തുടങ്ങി വിവിധതരം മാലിന്യങ്ങള്‍ ഡ്രോണിനടിയിലുള്ള ബാഗിലേക്ക് സമാഹരിക്കും. 350 കിലോ മാലിന്യം ഒറ്റയടിക്ക് സമാഹരിക്കാന്‍ പറ്റും. ബാഗ് നിറഞ്ഞാല്‍ തിരിച്ച് കരയിലേക്ക് നീന്തി മാലിന്യം കരയില്‍ ഉപേക്ഷിക്കും. ഈ ഡ്രോണിന്റെ മറ്റൊരു പ്രത്യേകത ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും വിശ്രമമില്ലാതെ പണിയെടുക്കുമെന്നതാണ്.
സമുദ്രതീരം സംരക്ഷിക്കുന്നതിനായി ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് കോകോസ്റ്റ് എന്ന ദുബായിലെ സ്ഥാപനവും ദുബായ് മറീന യാട്ട് ക്ലബ്ബും ചേര്‍ന്നാണ്. ശുചീകരണം മാത്രമല്ല ഒപ്പം സെന്‍സറുകള്‍വഴി കടലിലെ പാരിസ്ഥിതികവ്യതിയാനങ്ങളും വെള്ളത്തിലെ ലവണാംശവും കടല്‍ജലത്തിന്റെ നിലവാരവും പോലുള്ള കാര്യങ്ങള്‍ മനസ്സിലാക്കാനും വാട്ടര്ഷാര്ക്ക് വഴി സാധിക്കും.
Discussion about this post