ദുബായ്: കണ്ണീരോടെ മേജർ ജനറൽ ഖാസിം സുലൈമാനിയ്ക്ക് വിട. രാജ്യം മുഴുവൻ കണ്ണീരൊഴുക്കി ജനറലിന്റെ അന്ത്യയാത്രയിൽ പങ്കുചേർന്നു. സാധാരണ പൗരന്മാർക്കൊപ്പം പ്രധാനമന്ത്രി മുതൽ സൈനിക മേധാവികൾ വരെ സുലൈമാനിയുടെ സംസ്കാര ചടങ്ങിൽ വിതുമ്പി. അതേസമയം, ജനറൽ സുലൈമാനിയുടെ സംസ്കാര ചടങ്ങിനിടെ മകൾ സൈനബ് സുലൈമാനി പറഞ്ഞ വാക്കുകൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാവുകയാണ്.
‘ഭ്രാന്തൻ ട്രംപ്, എന്റെ പിതാവിന്റെ രക്തസാക്ഷിത്വത്തിലൂടെ എല്ലാം അവസാനിച്ചുവെന്ന് കരുതരുത്’, ഇറാൻ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു സൈനബ് പറഞ്ഞു. തന്റെ പിതാവ് കൊല്ലപ്പെട്ട ദിവസം അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇനി എന്നും കറുത്ത ദിനമായിരിക്കുമെന്നും സൈനബ് മുന്നറിയിപ്പു നൽകി. ഇറാനിലെ ലക്ഷക്കണക്കിന് ജനങ്ങളാണ് മേജർ ജനറലിന്റെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാൻ ഇറാന്റെ തെരുവിൽ വിലാപയാത്രയായി ഇറങ്ങിയത്. അമേരിക്കയ്ക്കെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു വിലാപയാത്ര. ബാഗ്ദാദിൽ അമേരിക്കൻ സേന നടത്തിയ വ്യോമാക്രമണത്തിലാണ് മേജർ ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്.