സിംഗപൂര്‍: വിമാനത്തില്‍ വെച്ച് എയര്‍ഹോസ്റ്റസിനെ കടന്നു പിടിച്ച ഇന്ത്യക്കാരന് തടവ് ശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി. നാല് മാസം മുമ്പ് നടന്ന സംഭവത്തിലാണ് ഇന്ത്യക്കാരനായ പരാഞ്ജ്പെ നിരഞ്ജന് ജയന്ത് (34)നെ തടവിന് വിധിച്ചത്. വിവിധ വകുപ്പുകള്‍ ചുമത്തിട്ടുള്ള കേസില്‍ ഒരു കുറ്റത്തിന്റെ വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
കഴിഞ്ഞ ആഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. സിഡ്നിയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ നിരഞ്ജന് എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറുകയായിരുന്നു. വിമാനത്തില്‍ വെച്ച് 25കാരിയായ സിംഗപൂര്‍ യുവതിയോട് നിരഞ്ജന് മൊബൈല്‍ നമ്പര്‍ ചോദിച്ച് ശല്യം ചെയ്തു. എന്നാല്‍ ആദ്യമൊന്നും പ്രതികരിക്കാതിരുന്ന യുവതിയോട് ഇയാള്‍ വീണ്ടും മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടുകയും ശരീരത്തില്‍ തൊടുകയുമായിരുന്നു.
തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് നിരഞ്ജന് യുവതിയെ കയറിപ്പിടിക്കുകയും ചെയ്തു. ഇത് കണ്ട് ഭയന്ന എയര്‍ഹോസ്റ്റസ് ഉടന്‍ തന്നെ തന്റെ സഹപ്രവര്‍ത്തരെ വിവരം അറിയിക്കുകയും അവരുടെ സഹായത്തോടെ ഷാങ്ഹി വിമാനത്താവളത്തിലെ പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
എന്നാല്‍ സംഭവവേളയില്‍ താന്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നും തനിക്ക് സ്വയം നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്നും നടന്ന സംഭവത്തില്‍ തനിക്ക് കുറ്റബോധമുണ്ടെന്നും നിരഞ്ജന് കോടതിയില്‍ പറഞ്ഞു. കേസിന്റെ തുടര്‍ന്നുള്ള വിചാരണയില്‍ മറ്റുവകുപ്പുകളില്‍ വിധി പ്രസ്താവിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post