വീട്ടുകാരോട് പിണങ്ങിപ്പിരിഞ്ഞ് കൂട്ടുകാര്‍ക്കൊപ്പം താമസമാക്കി; സഞ്ചാരത്തിനായി മോഷ്ടിച്ചത് അയല്‍ക്കാരന്റെ ‘സ്വകാര്യ വിമാനം’! ഒടുവില്‍ ‘സാഹസിക വിരുതന്മാരെ’ പൂട്ടി പോലീസ്

പതിനാലും പതിനഞ്ചും വയസ്സായ രണ്ട് സ്‌കൂള്‍ കുട്ടികള്‍ ചേര്‍ന്നാണ് വിമാനം മോഷ്ടിച്ചത്.

യൂറ്റാ: വീട്ടുകാരോട് പിണങ്ങിപ്പിരിഞ്ഞ് അയല്‍ക്കാരന്റെ സ്വകാര്യ വിമാനവും എടുത്ത് മുങ്ങികളഞ്ഞ രണ്ട് വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടി. വെര്‍ണാല്‍ റീജിയണല്‍ എയര്‍പോര്‍ട്ടിനടുത്ത് വച്ചാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പിടികൂടിയത്. കുട്ടികള്‍ വിമാനം എടുത്ത് പറത്തുക, വീട്ടില്‍ നിന്ന് മാറി നില്‍ക്കുക കേള്‍ക്കുമ്പോള്‍ യഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടുന്നില്ല എങ്കിലും സംഭവം സത്യമാണ്. ഹോളിവുഡ് കോമഡിയ്ക്ക് സമാനമായി അരങ്ങേറിയ സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

പതിനാലും പതിനഞ്ചും വയസ്സായ രണ്ട് സ്‌കൂള്‍ കുട്ടികള്‍ ചേര്‍ന്നാണ് വിമാനം മോഷ്ടിച്ചത്. വീട്ടില്‍ നിന്ന് പിണങ്ങിപ്പിരിഞ്ഞ് ഇറങ്ങി കൂട്ടുകാര്‍ക്കൊപ്പം താമസിക്കുന്ന രണ്ട് വിരുതന്മാരാണ് കേസില്‍ പിടിയിലായിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. ജെന്‍സണിലുള്ള ഒരു വ്യക്തിയുടെ സ്വകാര്യ വിമാനമാണ് ഇവര്‍ അടിച്ചുമാറ്റിയത്.

കൈയ്യില്‍ കിട്ടിയ ഒരു ട്രാക്ടര്‍ ഓടിച്ചാണത്രേ ഇരുവരും ജെന്‍സണില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള വിമാനം നിര്‍ത്തിയിട്ടിരുന്ന താല്‍ക്കാലിക സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് സിംഗിള്‍ എഞ്ചിന്‍ ലൈറ്റ് സ്പോര്‍ട്ട് വിമാനത്തില്‍ കയറി, അത് ഓടിക്കാന്‍ തുടങ്ങി. വളരെ താഴ്ന്നുപറക്കുന്ന ഒരു വിമാനം പലരും ശ്രദ്ധിച്ചിരുന്നു.

അന്വേഷിച്ചെത്തിയ അധികൃതര്‍ ഒടുവില്‍ വെര്‍ണാലില്‍ വച്ച് ഇരുവരെയും പിടിക്കുകയായിരുന്നു. കേള്‍ക്കുമ്പോള്‍ തമാശ തോന്നുമെങ്കിലും സംഗതി അല്‍പം ഗൗരവമുള്ളതാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഇതിനായി ഇരുവരെയും ചോദ്യം ചെയ്യുമെന്നുമാണ് പോലീസ് അറിയിക്കുന്നത്.

Exit mobile version