ഡെട്രോയിറ്റ്: രക്ഷാപ്രവര്‍ത്തനത്തിനിടെ തീ ആളിക്കത്തുന്ന വീടിനു മുമ്പില്‍ നിന്ന് ഫോട്ടോയെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം. അമേരിക്കയിലാണ് സംഭവം. ‘ഡെട്രോയിറ്റ് ഫയര്‍ ഇന്സിഡെന്റ്സ്’ എന്ന ഫേസ്ബുക്ക് പേജില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ എടുത്ത് പോസ്റ്റ് ചെയ്ത ചിത്രമാണ് പിന്നീട് വിവാദമായത്.
അമേരിക്കയിലെ ഡെട്രോയിറ്റ് സിറ്റി ഫയര്‍ സേനാംഗങ്ങള്‍ക്കെതിരെ മിഷിഗണ്‍ അഗ്നിശമന വിഭാഗമാണ് അന്വേഷണം പ്രഖ്യാപിച്ചത്.’പുതുവര്‍ഷത്തില്‍ ഒരു സെല്‍ഫി എടുക്കാനായി ഒരു നിമിഷം എടുക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ഫേസ്ബുക്ക് പേജില്‍ ചിത്രം പോസ്റ്റ് ചെയ്തത്. തീയണക്കാതെ ഫോട്ടോയെടുക്കുന്ന സേനാംഗങ്ങളെ വിമര്‍ശിച്ച് നിരവധി പേര് രംഗത്തെത്തിയതോടെ സംഭവം വിവാദമാകുകയായിരുന്നു.
ഇതോടെ ഫേസ്ബുക്കില്‍ നിന്നും പോസ്റ്റ് നീക്കം ചെയ്തു. അതോസമയം, സഹപ്രവര്‍ത്തകന്റെ വിരമിക്കല്‍ ആഘോഷമാക്കുന്നതിനാണ് ചിത്രം എടുത്തതെന്നും ചിത്രത്തില്‍ കാണുന്ന വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി ഡെട്രോയിറ്റ് സിറ്റി ഫയര്‍ അധികൃതര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ജീവനക്കാരുടെ പ്രവര്‍ത്തി അനുചിതവും ഉദ്യോഗത്തിന് നിരക്കാത്തതാണെന്നും ഡെട്രോയിറ്റ് ഫയര്‍ കമ്മീഷണര്‍ എറിക് ജോണ്‍സ് പറഞ്ഞു.
Discussion about this post