വാഷിങ്ടൻ: ഇറാനിലെ ഏറ്റവും പ്രമുഖനായ രണ്ടാമത്തെ നേതാവായിരുന്നു യുഎസ റോക്കറ്റ് ആക്രമണത്തിൽ കൊലപ്പെടുത്തിയ ഇറാൻ റവല്യൂഷനറി ഗാർഡ്സ് കമാൻഡർ കാസിം സുലൈമാനി. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഉത്തരവിട്ടതിന് പിന്നാലെയാണ് കാസിം സുലൈമാനിയെ വധിച്ചതെന്നാണ് പെന്റഗൺ വിശദീകരിക്കുന്നത്. ബാഗ്ദാദിലെ വിമാനത്താവളത്തിൽ വെച്ചാണ് കാസിം കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഏഴ് സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഇതിനുപിന്നാലെ യുഎസ് ദേശീയപതാക ട്രംപ് ട്വീറ്റ് ചെയ്തതും ശ്രദ്ധേയമായി.
എന്നാൽ ലോക രാജ്യങ്ങൾ ഒരു യുദ്ധത്തെ മുന്നിൽ കണ്ട് ഭയപ്പാടിലാണ്. ഇറാന്റെ തിരിച്ചടി ഏത് തരത്തിലായിരിക്കുമെന്ന് ഇപ്പോൾ ഊഹിക്കുക കൂടി അസാധ്യമാണ്. ഈ ആക്രമണത്തോടെ യുഎസ്-ഇറാൻ ബന്ധം കൂടുതൽ വഷളായി. ഇതിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ റെവലൂഷണറി ഗാർഡ് മുൻ മേധാവി പ്രതികരിച്ചിട്ടുമുണ്ട്.
അതേസമയം, ട്രംപിന്റെ ഉത്തരവിന്റെ ബലത്തിൽ യുഎസ് കൊലപ്പെടുത്തിയ ജനറൽ കാസിം സുലൈമാനി ഇറാനിലെ വീരപുരുഷ പരിവേഷമുള്ള സൈനിക നേതാവായിരുന്നു. റെവല്യൂഷണറി ഗാർഡ്സിലെ രഹസ്യാന്വേഷണ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ മേധാവിയായ കാസിം സുലൈമാനി ഇറാൻ ആത്മീയാചാര്യൻ അയത്തുള്ള അലി ഖമനൈനിക്കു നേരിട്ടാണ് സൊലൈമാനി റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തിന്റെ ഇത്രയും ശക്തനായ വ്യക്തിയെ ഇല്ലാതാക്കിയ യുഎസിനോട് ഏതു രീതിയിൽ ഇറാൻ പ്രതികരിക്കും എന്നതിൽ ആശങ്കപ്പെടുകയാണ് ലോകരാഷ്ട്രങ്ങൾ. ഇതിനിടെ, ആക്രമണത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വില കൂടി.
ഇറാൻ സേന ഭാവിയിൽ ആസൂത്രണം ചെയ്തിരിക്കുന്ന പല ആക്രമണ പദ്ധതികൾക്കും തടയിടുക എന്നത് ലക്ഷ്യമിട്ടാണു സുലൈമാനിയെ വധിച്ചതെന്നു പെന്റഗൺ പ്രതികരിച്ചു. അമേരിക്കൻ പൗരന്മാരെ സംരക്ഷിക്കാനായി കൂടുതൽ നടപടികൾ തുടരുമെന്നും പെന്റഗൺ ആക്രമണം സ്ഥിരീകരിച്ചുകൊണ്ടുള്ള കുറിപ്പിൽ അറിയിച്ചു. നിരവധി അമേരിക്കക്കാരുടെ മരണത്തിന് സുലൈമാനിയും ഖുദ്സ് ഫോഴ്സും ഉത്തരവാദികളാണെന്നാണ് പെന്റഗൺ വിശദീകരിക്കുന്നത്.
ബാഗ്ദാദ് വിമാനത്താവള റോഡിൽ യുഎസ് നടത്തിയ ആക്രമണത്തിലാണ് ജനറൽ കാസിം സുലൈമാനിയും ഇറാൻ പൗരസേന കമാൻഡർ അബു മഹ്ദിയും അഞ്ച് ഇറാൻ കമാൻഡോകളും കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിൽ മൂന്നു മിസൈലുകൾ പതിച്ചെന്ന് ഇറാൻ അറിയിച്ചു. ആക്രമണം വിദേശത്തെ യുഎസ് പൗരന്മാരുടെ സുരക്ഷയ്ക്കെന്നാണ് വിശദീകരണം.