ബാഗ്ദാദ്: അന്താരാഷ്ട്ര തലത്തിൽ വീണ്ടും പൊട്ടിത്തെറി ഉണ്ടാക്കുന്ന തീരുമാനമെടുത്ത് ഡൊണാൾഡ് ട്രംപ്. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ട്രംപിന്റെ അറിവോടെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ ചാര തലവനടക്കമുള്ള സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഇറാനിയൻ റെവല്യൂഷണറി ഗാർഡ് തലവൻ ജനറൽ ഖാസിം സുലൈമാനി അടക്കം ഏഴു പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ ഇറാൻ-യുഎസ് പൊട്ടിത്തെറിയും പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങൾക്ക് തിരിച്ചടിയും ഉറപ്പായി.
യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാൻ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാൻഡറായ അബു മഹ്ദി അൽ മുഹന്ദിസാണ്. ഇവരുൾപ്പെട്ട സൈനിക സംഘത്തെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലർച്ചെ അമേരിക്ക റോക്കറ്റാക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ കഴിഞ്ഞ ദിവസം യുഎസ് വിരുദ്ധ പ്രക്ഷോഭകർ ആക്രമണം നടത്തിയിരുന്നു. യുഎസ് സൈനികരുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടുകയും ചെയ്തു. ഇതിന് പിന്നിൽ ഇറാനാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് യുഎസ് ആക്രമണമുണ്ടായിരിക്കുന്നത്.
അതേസമയം, ഇറാൻ റവല്യൂഷനറി ഗാർഡ്സ് കമാൻഡർ ഖാസിം സുലൈമാനിയെ വധിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടിരുന്നതായി പെന്റഗൺ അറിയിച്ചു. ഇയാളുടെ മരണത്തിനു പിന്നാലെ വിശദീകരണങ്ങളൊന്നുമില്ലാതെ യുഎസ് ദേശീയപതാക ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
Discussion about this post