വത്തിക്കാൻ സിറ്റി: അനുഗ്രഹം കൊടുക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി പോകാൻ അനുവദിക്കാതെ കൈ പിടിച്ച് വലിച്ച സ്ത്രീയോട് ദേഷ്യപ്പെടുകയും കൈയ്യിൽ അടിക്കുകയും ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. വർഷാവസാന പ്രാർത്ഥനയ്ക്ക് എത്തിയവരെ ആശിർവദിച്ച് മടങ്ങാനൊരുങ്ങിയ ഫ്രാൻസിസ് മാർപ്പാപ്പയുടെ കൈ ഒരു സ്ത്രീ വലിച്ച് പിടിക്കുകയായിരുന്നു.
സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഇന്നലെയാണ് സംഭവം. സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടങ്ങിയ ആളുകളെ ആശിർവദിച്ച് മടങ്ങാനൊരുങ്ങുമ്പോഴായിരുന്നു സംഭവം. മാർപ്പാപ്പയുടെ കൈ പിടിച്ച് ബാരിക്കേഡിന് അടുത്തേക്ക് വലിച്ച് അടുപ്പിക്കാൻ ശ്രമിക്കുകയായിരുന്നു യുവതി. അപ്രതീക്ഷിതമായ യുവതിയുടെ നടപടിയിൽ ദേഷ്യം വന്ന മാർപാപ്പ യുവതിയുടെ കൈത്തണ്ടയിൽ അടിക്കുകയായിരുന്നു. ഇതിനിടെ മാർപ്പാപ്പയുടെ സുരക്ഷാ സംഘാംഗമാണ് യുവതിയുടെ അപ്രതീക്ഷിത നടപടിയിൽ നിന്ന് മാർപാപ്പയുടെ കൈ വിടുവിച്ചെടുത്തത്.
പലപ്പോഴും നമുക്ക് ക്ഷമ നഷ്ടപ്പെടാറുണ്ട്. എനിക്കും അത്തരത്തിൽ ഒരു അനുഭവമുണ്ടായി. അത്തരമൊരു ദുർമാതൃക ആളുകൾക്ക് നൽകേണ്ടി വന്നതിൽ ഖേദമുണ്ടെന്ന് മാർപാപ്പ പിന്നീട് പ്രതികരിച്ചു.
Discussion about this post