വാഷിങ്ടൻ: ക്രിസ്മസ് ആഘോഷവേളയിൽ ജനങ്ങൾക്ക് അവരുടെ തന്നെ പണം കൊള്ളയടിച്ച് എറിഞ്ഞ് നൽകി ‘വിശാല മനസ്‌കനായ കള്ളൻ’. ബാങ്ക് കൊള്ളയടിച്ച ശേഷം പണം വഴിയാത്രക്കാർക്കൊക്കെ എറിഞ്ഞുനൽകിയും ക്രിസ്മസ് ആശംസകൾ അറിയിച്ചുമാണ് യുഎസിലെ ഈ കള്ളൻ വാർത്തകളിൽ താരമായത്.
യുഎസിൽ കൊളറാഡോയിൽ തിങ്കളാഴ്ച പകലാണു സംഭവം. ഇവിടെയുള്ള അക്കാദമി ബാങ്കിൽ കയറിയ മോഷ്ടാവ് തൊഴിലാളികളെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം പണം തട്ടിയെടുക്കുകയായിരുന്നു. പുറത്തിറങ്ങിയ അയാൾ ബാഗിൽ നിന്ന് പണം അന്തരീക്ഷത്തിലേക്ക് എറിയാൻ തുടങ്ങി. ഒപ്പം ‘മെറി ക്രിസ്മസ്’ എന്ന് അലറി വിളിക്കുകയും ചെയ്‌തെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അറുപത്തിയഞ്ചുകാരനായ ഡേവിഡ് വെയ്ൻ ഒലിവർ എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റു ചെയ്യുന്ന സമയത്ത് ഒലിവറിന്റെ കൈവശം ആയുധങ്ങളൊന്നും ഇല്ലായിരുന്നെന്നു പോലീസ് പറഞ്ഞു. വഴിയാത്രക്കാരിൽ ചിലർ പണം തിരികെ നൽകിയെങ്കിലും ആയിരക്കണക്കിനു ഡോളർ തിരികെ ലഭിക്കാനുണ്ടെന്നാണു ബാങ്ക് അധികൃതർ പറയുന്നത്.
Discussion about this post