വത്തിക്കാൻ: ലോകമെമ്പാടും ക്രിസ്തീയ വിശ്വാസികൾ ഇന്ന് തിരുപ്പിറവിയുടെ സ്മരണയിൽ ക്രിസ്മസ് ആഘോഷിക്കുന്നു. വത്തിക്കാനിൽ പാതിരാക്കുർബാനയ്ക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകി. സഭയുടെ വീഴ്ചകൾ ദൈവത്തിൽനിന്ന് വിശ്വാസികളെ അകറ്റാതിരിക്കട്ടെയെന്ന് മാർപാപ്പ ക്രിസ്മസ് സന്ദേശം കൈമാറുന്നതിനിടെ പറഞ്ഞു. കുർബാനയ്ക്ക് ശേഷമായിരുന്നു വൈദികർക്കെതിരായ ലൈംഗീകപീഡന ആരോപണങ്ങൾ മാർപാപ്പ പരാമർശിച്ചത്. രണ്ട് പതിറ്റാണ്ടായി സഭ നേരിടുന്ന ആരോപണങ്ങൾ ഇനിമുതൽ മറച്ചുവയ്ക്കില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളിലും ക്രൈസ്തവർ പാതിരാക്കുർബാനയ്ക്കായി ഒത്തുചേർന്നു. മതങ്ങളുടെ പേരിൽ ഭിന്നിപ്പിക്കുന്നവർ ലോകത്തെ മറ്റു രാജ്യങ്ങൾക്കൊപ്പം ഇന്ത്യയിലുമുണ്ടെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ക്രിസ്മസ് ദിന സന്ദേശത്തിൽ പറഞ്ഞു. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ കർദിനാൾ മാർജോർജ്ജ് ആലഞ്ചേരി തിരുപ്പിറവി ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. തിരുവനന്തപുരം പാളയം സെൻറ് ജോസഫ് കത്തീഡ്രലിൽ നടന്ന ചടങ്ങുകൾക്ക് ആർച്ച് ബിഷപ്പ് സൂസപാക്യം കാർമ്മികത്വം വഹിച്ചു.
മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കുന്നംകുളം മരത്തംകോട് സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി. യാക്കോബായ-സുറിയാനി സഭയുടെ കൊച്ചി എളംകുളം സെന്റ് മേരീസ് സൂനോറോ കത്തീഡ്രലിൽ നടന്ന ക്രിസ്തുമസ് ശുശ്രൂഷകൾക്ക് മെത്രാപ്പോലീത്തൻ ട്രസ്റ്റി മോർ ഗ്രീഗോറിയോസ് ജോസഫ് മുഖ്യ കാർമികത്വം വഹിച്ചു. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക ബാവയുടെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥന ചടങ്ങുകൾ.
Discussion about this post