കൊളമ്പോ: ശ്രീലങ്കയില്‍ കനത്ത മഴയില്‍ രണ്ട് മരണം. ശക്തമായ മഴയിലും കാറ്റിലും വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 65,000 പേര്‍ ദുരിതത്തിലായി. 17000ത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. 13 ജില്ലകളിലായി 1500 വീടുകള്‍ നശിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
രക്ഷാപ്രവര്‍ത്തനത്തിനും ജനങ്ങള്‍ക്ക് അടിയന്തര സഹായങ്ങള്‍ നല്‍കുന്നതിനുമായി നാവിക- വ്യോമ സേനകളെ വിന്യസിച്ചിട്ടുള്ളതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. പൊളന്നറുവ, അനുരാധപുര എന്നിവിടങ്ങളിലാണ് ഏറ്റവുമധികം വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായത്. ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച രാഷ്ട്രപതി ഗോതബയ രാജപക്‌സെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ദുരിതബാധിതര്‍ക്ക് വേണ്ട അടിയന്തരസഹായം നല്‍കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.
നിര്‍ത്താതെ പെയ്യുന്ന മഴയിലും കാറ്റിലും നിരവധി നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശ്രീലങ്കയിലെ തെക്ക്, കിഴക്ക്, മധ്യ ജില്ലകളില്‍ വരും ദിവസങ്ങളിലും കനത്ത മഴ ഉണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി.
Discussion about this post