ഇസ്ലാമാബാദ്: പാകിസ്താന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെതിരെ വധശിക്ഷ
പ്രഖ്യാപിച്ചതിന് പിന്നാലെ, വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് അദ്ദേഹം മരിച്ചാല്‍
മൃതദേഹം പാര്‍ലമെന്റിലേക്ക് വലിച്ചിഴയ്ക്കണമെന്നും മൃതദേഹം മൂന്നുദിവസം കെട്ടി തൂക്കണമെന്നും പാകിസ്താന് പ്രത്യേക കോടതി ഉത്തരവിട്ടു.
ഈ മാസം 17ന് ആയിരുന്നു രാജ്യദ്രോഹക്കേസില്‍ മുഷറഫിന് പാകിസ്താന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. പ്രത്യേക കോടതിയിലെ മൂന്നംഗ ബെഞ്ചായിരുന്നു വധശിക്ഷ വിധിച്ചത്. പാക് ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായിട്ട് ആയിരുന്നു ഇത്തരത്തില്‍ ഒരു വധശിക്ഷ വിധിച്ചത്. പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹ്മദ് സേത് തലവനായ ബെഞ്ചാണ് മുഷറഫിന് എതിരെയുള്ള രാജ്യദ്രോഹക്കേസില്‍ ശിക്ഷ പ്രഖ്യാപിച്ചത്.
നിയമവിരുദ്ധമായി ഭരണഘടന നിര്‍ത്തി വെയ്ക്കുകയും 2007ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുകയും ചെയ്തുവെന്നതാണ് മുഷറഫിന് എതിരെ ആരോപിതമായ കുറ്റങ്ങള്‍.
ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിനാണ് അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷ വിധിച്ചത്. എന്നാല്‍, ശിക്ഷയില്‍ പിഴവുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതിയുടെ പ്രഖ്യാപനം.
നിലവില്‍ ദുബായില്‍ ചികിത്സയില്‍ കഴിയുന്ന മുഷറഫിനെ പിടികൂടാന്‍ നിയമപാലകരോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍, കോടതിയുടെ പുതിയ നിര്‍ദ്ദേശങ്ങളെ ഭരണഘടനാ വിരുദ്ധമെന്നാണ് നിയമവിദഗ്ധര്‍ വിശേഷിപ്പിച്ചത്.
1999 മുതല്‍ 2008 വരെയാണ് മുഷറഫ് പാകിസ്താന് പ്രസിഡന്റായിരുന്നത്. നവാസ് ഷെരീഫായിരുന്നു ആ സമയത്ത് പ്രധാനമന്ത്രി.
Discussion about this post