സാക്രമെന്റോ: ഡല്‍ഹിയിലെ ജാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹോളിവുഡ് താരവും രംഗത്ത്. ജോണ്‍ കുസാക്ക് ആണ് വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. സര്‍വകലാശാലയിലെ പോലീസ് അതിക്രമത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ‘ഐക്യദാര്‍ഢ്യം’ എന്ന് കുറിക്കുകയായിരുന്നു.
അതേസമയം, പൗരത്വ നിയമത്തിനെതിരെ കാലിഫോര്‍ണിയയിലും പ്രതിഷേധം നടക്കുകയാണ്. പ്രതിഷേധ പ്രകടനത്തിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ബോളിവുഡ് താരങ്ങളും സംവിധായകരും പോലീസിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
സംവിധായകന്‍ അനുരാഗ് കശ്യപ്, രാജ്കുമാര്‍ റാവു, നടി സ്വര ഭാസ്‌കര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ വിദ്യാര്‍ത്ഥികളെ പിന്തുണച്ചെത്തിയിരുന്നു. നാല് മാസത്തെ ഇടവേളക്ക് ശേഷം ട്വിറ്ററില്‍ മടങ്ങിയെത്തിയാണ് അനുരാഗ് കശ്യപ് പ്രതിഷേധം അറിയിച്ചത്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നതിനെതിരെ രാജ്യത്തിനകത്തും പുറത്തും നിന്നുമായി വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
— John Cusack (@johncusack) December 16, 2019