ലണ്ടൻ: മാർഗരറ്റ് താച്ചർക്ക് ശേഷം മൃഗീയ ഭൂരിപക്ഷത്തിൽ അധികാര തുടർച്ച നേടി കൺസർവേറ്റീവ് പാർട്ടിയും ബോറിസ് ജോൺസണും. ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബോറിസ് ജോൺസൻ നയിച്ച കൺസർവേറ്റീവ് പാർട്ടി വീണ്ടും അധികാരത്തിലേറി. യുഎസിൽ ഡൊണാൾഡ് ട്രംപ് പയറ്റി തെളിയിച്ച അമിത ദേശ സ്നേഹമെന്ന തന്ത്രമിറക്കിയാണ് ബോറിസ് ജോൺസണും തെരഞ്ഞെടുപ്പിനെ നേരിട്ടതും വിജയം കൊയ്തതും. ബ്രെക്സിറ്റ് എന്ന ഒറ്റ വാക്യത്തിന് മുഖ്യപ്രധാന്യം നൽകിയാണ് ജോൺസൺ രണ്ടാം അങ്കത്തിന് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. ബ്രെക്സിറ്റ് അനുകൂല ജനവിധിയാണ് ജോൺസണ് ലഭിച്ചതും. അതേസമയം, ബ്രെക്സിറ്റ് പുനഃപരിശോധിക്കുമെന്ന് വാദിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട മുഖ്യപ്രതിപക്ഷമായ ലേബർ പാർട്ടി ദയനീയമായി പരാജയം ഏറ്റുവാങ്ങി. ഇതോടെ ജെറമി കോർബിൻ ലേബർ പാർട്ടി നേതൃസ്ഥാനം രാജിവച്ചു.
അധികാരത്തുടർച്ച നൽകിയാൽ ബ്രെക്സിറ്റ് നടപ്പാക്കുമെന്നാണ് ബോറിസ് ജോൺസൺ ആകെ പ്രചാരണവേളയിൽ പറഞ്ഞത്. കൺസർവേറ്റീവ് സ്ഥാനാർത്ഥികളും ഇതേറ്റുപിടിച്ചു. ഇതോടെ വടക്കൻ ബ്രിട്ടണും മിഡ്ലാൻഡ്സുമടങ്ങുന്ന ലേബർ ശക്തി കേന്ദ്രങ്ങളിൽ പോലും കൺസർവേറ്റീവ് പാർട്ടി വെന്നിക്കൊടി പാറിക്കുകയായിരുന്നു. മാർഗരറ്റ് താച്ചർക്ക് ശേഷം ഇത്രവലിയ ഭൂരിപക്ഷത്തോടെ പാർട്ടി അധികാരത്തുന്നത് ആദ്യമായാണ്.
കാർക്കശ്യക്കാരെന്ന ചീത്തപ്പേരാണ് ലേബർ പാർട്ടി നേതാവ് ജെറമി കോർബിന് പ്രധാനമായും തിരിച്ചടിയായത്. പ്രതീക്ഷിച്ചതിനേക്കാൾ ഏറെ വലിയ തിരിച്ചടിയാണ് ഇതോടെ പാർട്ടിയും നേരിട്ടത്. ബ്രെക്സിറ്റിൽ രണ്ടാം ഹിതപരിശോധനയെന്ന കോർബിന്റെ നിർദേശം ബ്രിട്ടീഷ് ജനത തള്ളിക്കളയുകയായിരുന്നു.
ദേശീയ ആരോഗ്യമേഖല സംരക്ഷിക്കുമെന്ന ഉറപ്പും വെള്ളം, വൈദ്യുതി, ഗതാഗതം, വാർത്താവിനിമയം തുടങ്ങിയവ ദേശസാൽക്കരിക്കുമെന്ന ലേബർ പാർട്ടി വാഗ്ദാനവും ഏറ്റില്ല. സ്കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടി മികച്ച വിജയം നേടിയപ്പോൾ പാർട്ടി നേതാവ് ജോ സ്വിൻസൺ പരാജയപ്പെട്ടതടക്കം ലിബറൽ ഡെമോക്രാറ്റ് പാർട്ടിക്ക് വൻ തിരിച്ചടിയാണ് നേരിട്ടത്.
Discussion about this post