ടെക്‌സാസ്: കിലോ മീറ്ററുകളോളം നടന്ന് ഹോട്ടലില്‍ ജോലിക്കെത്തുന്ന ജീവനക്കാരിക്ക് കസ്റ്റമേഴ്‌സിന്റെ വക കാറ് സമ്മാനം. അമേരിക്കയിലെ ടെക്‌സാസില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലിലെ ജീവനക്കാരിയായ അഡ്രിയാന എഡ്വേര്‍ഡിനയ്ക്കാണ് ഭക്ഷണം കഴിക്കാനെത്തിയ അപരിചിതരായ രണ്ട് പേര്‍ ചേര്‍ന്ന് കാറ് സമ്മാനിച്ചത്.
എല്ലാ ദിവസവും 22 കിലോമീറ്റര്‍ നടന്നാണ് അഡ്രിയാന ഹോട്ടലില്‍ ജോലിക്കെത്തിയിരുന്നത്. ദിവസവും ഇത്രയും ദൂരം നടക്കേണ്ടി വരുന്നതിനാല്‍ ഒരു കാറ് വാങ്ങാന്‍ അഡ്രിയാന ഏറെ ആഗ്രഹിച്ചിരുന്നു. അതിനിടയ്ക്കാണ് ഇവരെ ഞെട്ടിച്ച് കൊണ്ട് ഹോട്ടലിലെത്തിയ ദമ്പതികള്‍ കാറ് സമ്മാനിച്ചത്.
പ്രഭാതഭക്ഷണം വിളമ്പുന്ന സമയത്ത് ദമ്പതികള്‍ എഡ്രിയാനയുടെ ജീവിതത്തെക്കുറിച്ച് ചോദിച്ചറിഞ്ഞിരുന്നു. ഒരു കാര്‍ വാങ്ങണമെന്ന് താന്‍ അതിയായ ആഗ്രഹിക്കുന്നതായും എഡ്രിയാന പറഞ്ഞിരുന്നു. ഭക്ഷണം കഴിച്ച് തിരിച്ചു പോയ ദമ്പതികള്‍ എഡ്രിയാനയ്ക്ക് 2011 മോഡല്‍ നിസ്സാന്‍ സെന്‍ഡ്ര കാറുമായാണ് മടങ്ങിയെത്തിയത്.
കാറ് കണ്ടതോടെ എഡ്രിയാന അമ്പരുന്നു. സ്വപ്‌നം കാണുകയാണോ എന്ന് വരെ സംശയിച്ചുപോയതായി എഡ്രിയാന പറയുന്നു. എന്തായാലും കാര്‍ ലഭിച്ചതോട് കൂടി അഞ്ച് മണിക്കൂര്‍ നേരത്തെ യാത്ര അര മണിക്കൂറായി ചുരുങ്ങിയതിന്റെ സന്തോഷത്തിലാണ് എഡ്രിയാന.
Discussion about this post