വർഷങ്ങൾക്ക് മുമ്പ് കടലിൽ നിന്നും തന്നെ രക്ഷിച്ച് പരിചരിച്ച അപ്പൂപ്പനെ കാണാൻ കിലോമീറ്ററുകൾ താണ്ടി ഈ വർഷവും ഡിൻഡിം പെൻഗ്വിൻ കുഞ്ഞെത്തി. ഇനി മാസങ്ങൾ അപ്പൂപ്പന് ഒപ്പം ചെലവഴിച്ച് മാത്രമെ പെൻഗ്വിൻ കുഞ്ഞ് മടങ്ങൂ. എട്ട് വർഷത്തോളമായി ഇതാണ് ഡിൻഡിം പെൻഗ്വിന്റെ പതിവ്. ഈ അപൂർവ്വ സ്‌നേഹം കണ്ട് കണ്ണുംമനസും നിറയ്ക്കുകയാണ് സോഷ്യൽമീഡിയ. കുഞ്ഞു പെൻഗ്വിനും ജാവോ എന്ന അപ്പൂപ്പനും തമ്മിലുള്ള സ്‌നേഹബന്ധം ലോകത്തിന് തന്നെ അത്ഭുതമാണ്.
ഡിൻഡിം പെൻഗ്വിൻ കുഞ്ഞിന്റേയും ജാവോ അപ്പൂപ്പന്റേയും സ്‌നേഹബന്ധം ആരംഭിക്കുന്നത് 2011ലാണ്. അന്നൊരു മേയ് മാസത്തിൽ എണ്ണയിൽ കുളിച്ച് നീന്താൻ കഴിയാതെ തീരത്തടിഞ്ഞ പെൻഗ്വിൻ കുഞ്ഞിനെ നെ ബ്രസീലിലെ റിയോ ഡി ജെനീറോ സ്വദേശിയായ ജാവോ പെരേര ഡിസൂസയ്ക്കു കിട്ടുകയായിരുന്നു. തീരെ അവശനിലയിലായിരുന്നു പെൻഗ്വിൻ. എന്നാൽ കൃത്യമായ പരിചരണവും ഭക്ഷണവും നൽകി ജാവോ അപ്പൂപ്പൻ പെൻഗ്വിനെ പരിചരിച്ചു. ഡിൻഡിം എന്ന പേരും നൽകി.പൂർണ ആരോഗ്യവാനായപ്പോൾ പെൻഗ്വിനെ ബോട്ടിൽ കയറ്റി സമീപത്തുള്ള ദ്വീപിൽ കൊണ്ടുപോയി സ്വതന്ത്രനാക്കി. ഇനി ഒരിക്കലും താൻ ഡിൻഡിമിനെ കാണില്ലെന്നാണ് ജാവോ അപ്പൂപ്പൻ വിചാരിച്ചത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് പിറ്റേന്നു തന്നെ അപ്പൂപ്പന്റെ വീടിനു പിന്നിൽ ഡിൻഡിം മടങ്ങിയെത്തി. കുറച്ചു മാസങ്ങൾ ജാവോ അപ്പൂപ്പനൊപ്പം താമസിച്ച ഡിൻഡിം 2012 ഫെബ്രുവരിയിൽ പെട്ടെന്ന് അപ്രത്യക്ഷനാവുകയായിരുന്നു.
എന്നാൽ മാസങ്ങൾക്ക് ശേഷം സെപ്റ്റംബറിൽ ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഡിൻഡിം തിരികെയെത്തി. പിന്നീട് എല്ലാ വർഷവും ജാവോ പെരേര ഡിസൂസയെ തേടി ഈ പെൻഗ്വിനെത്തും. ജാവോയ്‌ക്കൊപ്പം വീട്ടിൽ 8 മാസത്തോളം താമസിക്കും. പിന്നെ വീണ്ടും പുറപ്പെട്ട് പോകും. ജാവോ അപ്പൂപ്പൻ തലോടുന്നതും എടുക്കുന്നതും ഭക്ഷണം കൊടുക്കുന്നതുമൊക്കെ !ഡിൻഡിമിന് ഏറെയിഷ്ടമാണെങ്കിലും മറ്റാരെയും തൊടാൻ അനുവദിക്കാറില്ല. അപ്പോഴേ കൊത്തിയോടിക്കുകയാണ് പതിവ്. കഴിക്കാൻ മത്തിയാണ് ഏറെയിഷ്ടം.എല്ലാ വർഷവും സെപ്റ്റംബറിലോ ഒക്ടോബറിലോ ആണ് ഡിൻഡിമിന്റെ സന്ദർശനം. വർഷത്തിലൊരിക്കൽ തന്നെ സന്ദർശിക്കാനെത്തുന്ന വളർത്തു മകൻ എന്നാണ് ഡിൻഡിമിനെ ജാവോ വിശേഷിപ്പിക്കുന്നത്. എന്നാൽ ഈ എട്ട് മാസത്തിലല്ലാത ബാക്കി സമയം ഡിൻഡിം എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല. മഗല്ലനിക് വിഭാഗത്തിൽ പെട്ട പെൻഗ്വിന്റെ സ്വദേശം പാറ്റഗോണിയ ആയിരിക്കുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഒന്നും രണ്ടുമല്ല അയ്യായിരം മൈലുകൾ താണ്ടി ചിലിയിൽ നിന്നാണ്് തന്റെ രക്ഷകനെ കാണാൻ വർഷാവർഷം ഡിൻഡിം എത്തുന്നതെന്നാണ് ഗവേഷകർ പറയുന്നത്. ഏപ്രിലിൽ പ്രജനന സമയം ആരംഭിക്കുന്നതോടെ ഡിൻഡിം മടക്കയാത്ര ആരംഭിക്കും. 5000 മൈലുകൾ താണ്ടി വീണ്ടും ചിലിയുടെ തീരത്തേക്ക്. പിന്നീട് ഇതേ ദൂരം തിരികെ നീന്തി ജാവോയുടെ അടുത്തേക്ക്. ഇത്രയും ദൂരം താണ്ടി രക്ഷകനെ കാണാനെത്തുന്ന പെൻഗ്വിൻ കുഞ്ഞിനെ സ്‌നേഹിക്കാതിരിക്കുന്നത് എങ്ങനെ എന്നാണ് സോഷ്യൽമീഡിയ ചോദിക്കുന്നത്.