അല്‍ബാനി: അപ്രതീക്ഷിതമായി എത്തുന്ന അക്രമികളെ പൊടുന്നനെ പ്രതിരോധിക്കാന്‍ എളുപ്പം നമുക്ക് സാധിക്കാറില്ല. ശ്രമങ്ങള്‍ നടത്തുമെങ്കിലും പലപ്പോഴും നാം പരാജയപ്പെട്ടുപോകാറുണ്ട് എന്നതാണ് വാസ്തവം. എന്നാല്‍ ഇവിടെ അക്രമിയെ ഷാംപൂവും ചൂലും ഉപയോഗിച്ച് തുരത്തിയിരിക്കുകയാണ് 82കാരി. സോഷ്യല്‍മീഡിയയിലും താരമാണ് ഈ മുത്തശ്ശി. ന്യൂയോര്‍ക്കിലെ പ്രശസ്ത ബോഡി ബില്‍ഡറായ വില്ലി മര്‍ഫിയാണ് അക്രമിയെ നിമിഷ നേരംകൊണ്ട് കീഴടക്കിയത്.
പതിവുപോലെ വര്‍ക്കൗട്ടുകള്‍ക്ക് ശേഷം ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടക്കുകയായിരുന്നു വില്ലി. അപ്രതീക്ഷിതമായി വാതിലില്‍ ഒരു അനക്കം ഒരു തട്ടു കേട്ടു. വാതിലിന് പുറത്ത് നിന്ന യുവാവ് തനിക്ക് സുഖമില്ലെന്നും ആംബുലന്‍സ് വിളിക്കാനും ആവശ്യപ്പെട്ടു. വില്ലി ഫോണെടുക്കാന്‍ തിരിഞ്ഞതും യുവാവ് വാതില്‍ തള്ളിത്തുറന്ന് ഉള്ളിലേക്ക് കയറുകയായിരുന്നു. ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ അടുത്തുണ്ടായിരുന്ന ചെറിയ മേശ എടുത്ത് ബോഡി ബില്‍ഡര്‍ കൂടിയായ വില്ലി അടിച്ച് വീഴ്ത്തി.
ശേഷം അക്രമിയുടെ മുഖത്തേക്ക് ഷാംപു എടുത്ത് ഒഴിക്കുകയായിരുന്നു. പിനാനലെ ചൂലെടുത്ത് അടിച്ചു. നിര്‍ത്താതെ അടിച്ച് നിലംപരിശാക്കി. ഇതിനിടയില്‍ പോലീസിലും വിവരം അറിയിക്കാന്‍ വില്ലി മറന്നില്ല. പോലീസ് നിമിഷ നേരംകൊണ്ട് എത്തി അക്രമിയെ പിടികൂടി. അത്യാവശ്യം കായികമുറകളൊക്കെ അറിഞ്ഞിരുന്നാല്‍ വയസാം കാലത്തും പ്രയോജനപ്പെടുത്താമെന്ന് വില്ലി ഉപദേശവും നല്‍കി. പ്രായമായതും ഒറ്റയ്ക്കായതുമെല്ലാം ശരിയാണ് പക്ഷേ താന്‍ ഡബിള്‍ സ്‌ട്രോങാണെന്നും വില്ലി കൂട്ടിച്ചേര്‍ത്തു.
Discussion about this post