രാജ്യം കടുത്ത പട്ടിണിയില്‍, 15 ഭാര്യമാര്‍ക്കായി 175 കോടി മുടക്കി ആഢംബര കാറുകള്‍ വാങ്ങി; രാജാവിനെതിരെ സോഷ്യല്‍മീഡിയയിലും മറ്റും പ്രതിഷേധം ശക്തം

ധൂര്‍ത്തിന്റെ ഈ നേര്‍ചിത്രം പുറത്തുവന്നതോടെയാണ് വിമര്‍ശനങ്ങളും ഉയര്‍ന്നത്.

എസ്വാറ്റിനി: 15 ഭാര്യമാര്‍ക്കായി 175 കോടി മുടക്കി വാങ്ങിയ ആഢംബര കാറുകളുടെ ചിത്രമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. രാജ്യം കടുത്ത പട്ടിണിയില്‍ ദുരിത ജീവിതം നയിക്കുമ്പോഴാണ് രാജാവിന്റെ നടപടി. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍മീഡിയയിലും മറ്റും ഉയരുന്നത്.

175 കോടി രൂപ മുടക്കി പ്രത്യേകം രൂപകല്‍പ്പന ചെയ്ത 19 റോള്‍സ് റോയിസ് കള്ളിനന്‍ എന്ന എസ്‌യുവികളാണ് രാജാവ് ഭാര്യമാര്‍ക്കായി വാങ്ങി കൂട്ടിയത്. അറുപത്തിമൂന്ന് ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്ന ആഫ്രിക്കന്‍ രാജ്യമായ എസ്വാറ്റിനിയുടെ ഭരണാധികാരിയായ സ്വാറ്റി മൂന്നാമനാണ് ഈ കാറുകള്‍ വാങ്ങിക്കൂട്ടി വിവാദത്തില്‍പ്പെട്ടത്.

ഇതിന് പിന്നാലെ രാജകുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും മക്കള്‍ക്കുമായി 120 ബിഎംഡബ്ല്യു കാറുകളും ഉടന്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ധൂര്‍ത്തിന്റെ ഈ നേര്‍ചിത്രം പുറത്തുവന്നതോടെയാണ് വിമര്‍ശനങ്ങളും ഉയര്‍ന്നത്. നിലവില്‍ ആഡംബര കാറുകളുടെ വലിയ ശേഖരം തന്നെ സ്വാറ്റി മൂന്നാമന്‍ രാജാവിനുണ്ട്. 20 മെഴ്സിഡീസ് മേബാക്ക് പുള്‍മാന്‍സ്, ഒരു മേബാക്ക് 62, ബിഎംഡബ്ല്യു എക്സ്-6, പ്രൈവറ്റ് ജെറ്റുകള്‍ എന്നിങ്ങനെ നീളുന്നതാണ് അദ്ദേഹത്തിന്റെ വാഹനശേഖരം.

Exit mobile version