ധാക്ക: രാജ്യത്ത് ഉള്ളി വില കത്തിക്കയറിയതോടെ താല്‍ക്കാലിക ആശ്വാസം പോലെ കേന്ദ്രം കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത് ബംഗ്ലാദേശിനാണ്. ഇവിടെ ഉള്ളി വില സര്‍വകാല റെക്കോര്‍ഡില്‍ എത്തി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പലരും തങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് ഉള്ളിയെ വെട്ടിയിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയും ഉള്‍പ്പെടും. തന്റെ മെനുവില്‍ നിന്ന് ഉള്ളിയെ ഒഴിവാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
കനത്ത മഴയെ തുടര്‍ന്ന് വിളവെടുപ്പ് കുറഞ്ഞതിനാല്‍ ഇന്ത്യ സെപ്റ്റംബറിലാണ് ഉള്ളി കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിനു പിന്നാലെ 30 ടാക്ക ഉണ്ടായിരുന്ന ഉള്ളിക്ക് ഇന്ത്യയില്‍ നിന്ന് വരവ് നിലച്ചതിന് ശേഷം 260 ടാക്ക (220 രൂപ)യിലേക്കെത്തി. ഇപ്പോള്‍ വിമാനം വഴിയാണ് ഉള്ളി ഇറക്കുമതി ചെയ്യുന്നതെന്ന് ഷേഖ് ഹസീനയുടെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ഹസന്‍ ജാഹിദ് തുഷര്‍ പറയുന്നു.
വിഭവങ്ങളില്‍ ഉള്ളിയുടെ ഉപയോഗം നിര്‍ത്തിവെക്കാന്‍ പ്രധാനമന്ത്രി പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ മ്യാന്മര്‍, തുര്‍ക്കി, ചൈന, ഈജിപ്ത് എന്നിവിടങ്ങളിലാണ് വിമാനം വഴി ബംഗ്ലാദേശിലേക്ക് ഉള്ളി എത്തുന്നത്. ചില മാര്‍ക്കറ്റുകളില്‍ മണിക്കൂറുകളോളം ക്യൂ നിന്ന ശേഷമാണ് ഉള്ളി ലഭിക്കുന്നത് പോലും. അതും തീ വിലയില്‍. സാധാരണ ജനങ്ങളുടെ ബഡ്ജറ്റിനെയും ഇത് സാരമായി തന്നെ ബാധിച്ചിരിക്കുകയാണ്.
Discussion about this post