സെന്റ് പീറ്റേഴ്‌സബർഗ്: പണ്ട് ഒന്നാംലോക മഹായുദ്ധകാലത്ത് റഷ്യ ഭരിച്ചിരുന്ന നിക്കോളാസ് രണ്ടാമന് വേണ്ടി നിറയെ മദ്യവും കയറ്റി ഫ്രാൻസിൽ നിന്നും തിരിച്ച ആ കപ്പലിനെ ഒരു നൂറ്റാണ്ട് ഇപ്പുറം പര്യവേഷകർ പൊക്കിയെടുത്തിരിക്കുകയാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് മുങ്ങിയതിനാൽ തന്നെ 21ാം നൂറ്റാണ്ടിൽ പര്യവേഷണത്തിന് ഇറങ്ങിയവർക്ക് അകത്തുള്ള വസ്തുക്കളെ കുറിച്ച് വലിയ പിടിപാടുണ്ടായിരുന്നില്ല. രത്‌നങ്ങളും സ്വർണ്ണങ്ങളും ഉൾപ്പടെയുള്ള നിധി ശേഖരം തേടിയാണ് ‘കൈറോസ്’ എന്ന ഈ കപ്പലിനെ കടലിനടിയിൽ നിന്നും ഇവർ ഉയർത്തിയെടുത്തത്.
എന്നാൽ സകലരേയും ഞെട്ടിച്ചുകൊണ്ട് ആ കടലിനടിത്തട്ടിൽ അപൂർവ മദ്യശേഖരം പര്യവേഷകരെ കാത്തിരിക്കുകയായിരുന്നു. ഫ്രാൻസിൽ നിന്ന് റഷ്യൻ നഗരമായ സെൻറ് പീറ്റേഴ്‌സബർഗിലേക്ക് തിരിച്ച കൈറോസ് എന്ന കപ്പലാണ് ഗവേഷകർ കണ്ടെത്തിയത്. ഒന്നാം ലോകമഹായുദ്ധ കാലത്ത് മുങ്ങിപ്പോയ കപ്പലിൽ നടത്തിയ പരിശോധനയിൽ 102 വർഷം പഴക്കമുള്ള മദ്യ കുപ്പികൾ ധാരാളം കണ്ടെത്തിയത് വലിയ അത്ഭുതമാവുകയും ചെയ്തു. ബോട്ടിലുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നതും അത്ഭുതമായി. പലതരം ബോട്ടിലുകളിലായി സൂക്ഷിച്ചിരുന്ന മദ്യം ഉപയോഗിക്കാമോ എന്നാണ ഇനി അറിയാനുള്ളത്. ഇക്കാര്യം വിദഗ്ധ പരിശോധനകൾക്ക് ശേഷം മാത്രമേ പറയാൻ കഴിയൂ എന്ന് അധികൃതരും വ്യക്തമാക്കുന്നു.
അപൂർവമായ കോണിയാക് ബോട്ടിലുകളും ബക്കാർഡിയുടെ ഉടമസ്ഥതയിലുള്ള ബെനഡിക്ടൈൻ മദ്യവുമാണ് കണ്ടെത്തിയതെന്നാണ് വിവരം. കോണിയാക്കിന്റെ 600 ബോട്ടിലുകളും ബെനഡിക്ടൈന്റെ 300 കുപ്പികളുമാണ് കണ്ടെത്തിയത്. ബാൾട്ടിക് സമുദ്രത്തിൽ 77 മീറ്റർ ആഴത്തിലാണ് തകർന്ന നിലയിലുള്ള കപ്പൽ കണ്ടെത്തിയത്. തോക്കുകൾ തേടിയാണ് ഓഷ്യൻ എക്‌സ് ടീം ബാൾട്ടിക് സമുദ്രത്തിനടിയിൽ നിന്നും ഈ കപ്പലിനെ തേടി പിടിച്ചത്.
ജർമ്മൻ അന്തർവാഹിനികൾ എഞ്ചിൻ റൂമിൽ സ്‌ഫോടന വസ്തുക്കൾ വച്ചാണ് കൈറോസ് തകർത്തതെന്നാണ് കരുതുന്നത്. കൈറോസിലുണ്ടായിരുന്ന ജീവനക്കാരെ തിരികെ സ്വീഡനിൽ എത്തിച്ചിരുന്നു. 1999ലാണ് ഈ കപ്പലിന്റെ സാന്നിധ്യം കണ്ടെത്തിയത്. അന്ന് മത്സ്യ ബന്ധന ഉപകരണങ്ങൾ മൂലം കേടുപാട് സംഭവിച്ച നിലയിലായിരുന്നു കപ്പലുണ്ടായിരുന്നത്.