കര്‍ത്താര്‍പുര്‍ ഇടനാഴി; ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ‘സൗജന്യം’ അനുവദിക്കില്ല! പ്രഖ്യാപനം പിന്‍വലിച്ച് പാകിസ്താന്‍

കര്‍ത്താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടന ദിവസം തീര്‍ത്ഥാടകരില്‍ നിന്ന് ഫീസ് ഈടാക്കും. ഫീസ് ഈടാക്കില്ലെന്ന പ്രഖ്യാപനം പിന്‍വലിച്ചിരിക്കുകയാണ് പാകിസ്താന്‍.

ന്യൂഡല്‍ഹി; കര്‍ത്താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടന ദിവസം തീര്‍ത്ഥാടകരില്‍ നിന്ന് ഫീസ് ഈടാക്കും. ഫീസ് ഈടാക്കില്ലെന്ന പ്രഖ്യാപനം പിന്‍വലിച്ചിരിക്കുകയാണ് പാകിസ്താന്‍. ഇന്ത്യയില്‍ നിന്നുള്ള സിഖ് വിശ്വാസികള്‍ക്ക് ഉദ്ഘാടനദിവസം സന്ദര്‍ശനം സൗജന്യമായിരിക്കുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

കര്‍ത്താര്‍പുര്‍ തീര്‍ത്ഥാടനത്തിന് ഫീസ് ഏര്‍പ്പെടുത്തിയ പാക് നിലപാടിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു ഉദ്ഘാടന ദിവസം സന്ദര്‍ശനം സൗജന്യമായിരിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ ട്വിറ്ററിലൂടെ അറിയിച്ചത്. കര്‍ത്താര്‍പുര്‍ സന്ദര്‍ശനത്തിന് രണ്ട് ഇളവുകള്‍ പ്രഖ്യാപിക്കുന്നു എന്നായിരുന്നു അന്ന് ഇമ്രാന്‍ അറിയിച്ചത്.

ഒന്ന് സന്ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകരോട് ഫീസ് ഇടാക്കില്ലെന്നും, രണ്ട് പാസ്‌പോര്‍ട്ട് ആവശ്യമില്ലെന്നും ഏതെങ്കിലും തിരിച്ചറിയല്‍ രേഖ മതി എന്നുമുള്ളതായിരുന്നു ഇമ്രാന്റെ ഇളവ്. എന്നാല്‍, ഈ ഇളവ് കഴിഞ്ഞ ദിവസം തന്നെ സൈന്യം റദ്ദാക്കിയിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരെ പാസ്‌പോര്‍ട്ട് ഇല്ലാതെ പ്രവേശിപ്പിക്കാനാകില്ലെന്ന് അറിയിച്ച പാക് സേന, സുരക്ഷാ കാരണങ്ങളാലാണ് ഈ നിലപാട് എന്നാണ് വിശദീകരിച്ചത്. വിഷയത്തില്‍ പാകിസ്താന്‍ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇതിനോട് പ്രതികരിച്ചത്.

Exit mobile version