ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വകമാറ്റി; ഡൊണാള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ!

ട്രംപ് ഫൗണ്ടേഷന് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 20 ലക്ഷം ഡോളര്‍ പിഴ അടയ്ക്കാന്‍ ജഡ്ജി ഉത്തരവിട്ടത്.

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ. ന്യൂയോര്‍ക്ക് കോടതിയുടേതാണ് വിധി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വകമാറ്റിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്. രാഷ്ട്രീയ പ്രചാരണത്തിനായാണ് ഫണ്ട് വകമാറ്റിയത്. ഡൊണാള്‍ഡ് ട്രംപിന്റേയും മക്കളായ ഇവാങ്ക, എറിക് എന്നിവരുടേയും മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രംപ് ഫൗണ്ടേഷനെതിരെയാണ് കോടതി ജഡ്ജി സാലിയാന്‍ സ്‌ക്രാപ്പുല ശിക്ഷാ നടപടി സ്വീകരിച്ചത്.

2016ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനിടെ ട്രംപ് ഫൗണ്ടേഷന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വക മാറ്റിയെന്നാണ് കോടതി കണ്ടെത്തയിരിക്കുന്നത്. തുടര്‍ന്നാണ് നടപടി കൈകൊണ്ടത്. കഴിഞ്ഞ വര്‍ഷം അടച്ചുപൂട്ടുന്നതിന് തൊട്ടുമുന്‍പ് വരെ ഫൗണ്ടേഷന്‍ ട്രംപിന്റെ ചെക്ക്ബുക്ക് എന്ന രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ട്രംപ് ഫൗണ്ടേഷന് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 20 ലക്ഷം ഡോളര്‍ പിഴ അടയ്ക്കാന്‍ ജഡ്ജി ഉത്തരവിട്ടത്.

ഇവാങ്കയും എറികും ഫൗണ്ടേഷനില്‍ പങ്കാളികളാണെങ്കിലും ട്രംപ് ഒറ്റയ്ക്ക് തന്നെ ഈ തുക അടയ്ക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ട്രംപിന് പങ്കാളിത്തമില്ലാത്ത 8 ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്ക് ഈ പണം കൈമാറാനും കോടതി നിര്‍ദേശമുണ്ട്.

Exit mobile version