ഇസ്ലമാബാദ്: ഭീകരവാദത്തെ തടയുന്നതില്‍ പാകിസ്താന്‍ പൂര്‍ണ്ണ പരാജയമാണെന്ന യുഎസ് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി പാകിസ്താന്‍ രംഗത്ത്. ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഈ റിപ്പോര്‍ട്ട് അന്ത്യന്തം നാണക്കേടും, നിരാശയുമാണ് ഉണ്ടാക്കിയതെന്ന് പാകിസ്താന്‍ പ്രതികരിച്ചു.
ലഷ്‌ക്കറെ, ജയ്ഷെ തുടങ്ങിയ ഭീകരസംഘടനകളുടെ റിക്രൂട്ട്മെന്റും ഫണ്ട് ശേഖരണവും തടയുന്നതില്‍ പാകിസ്താന്‍ പൂര്‍ണ്ണ പരാജയമാണെന്നാണ് യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2018 ല്‍ രാജ്യങ്ങളില്‍ നടന്ന ഭീകരവാദങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന യുഎസ് സ്റ്റേറ്റ് റിപ്പോര്‍ട്ടില്‍ പാകിസ്താനെ ഏറെ വിമര്‍ശിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ തീവ്രവാദികള്‍, പാക് മണ്ണില്‍ വളരുന്ന ഹഖാനി നെറ്റ് വര്‍ക്ക് എന്നിവയെ നിയന്ത്രിക്കാനും പാകിസ്താന് കഴിഞ്ഞിട്ടില്ല. തീവ്രവാദികളുടെ വളര്‍ച്ചയ്ക്കുള്ള ഫണ്ട് ശേഖരണം, രാഷ്ട്രീയ ഇടപെടലുകളില്‍ ഭീകരസംഘടനകളുടെ സാന്നിധ്യം എന്നിവയെ കുറിച്ചും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
ദേശീയ കര്‍മപദ്ധതി പ്രകാരം ഭീകരവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കവെ പാകിസ്താന്‍ വിദേശകാര്യ കാര്യ മന്ത്രാലയം പറഞ്ഞു.