വാഷിങ്ടൺ: ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതിനു പിന്നാലെ വീണ്ടും ഭീകരസംഘടനയ്ക്ക് തിരിച്ചടി. ബാഗ്ദാദിയുടെ സഹോദരി സിറിയൻ നഗരത്തിൽ വെച്ച് തുർക്കി സൈന്യത്തിന്റെ പിടിയിലായി. വടക്കൻ സിറിയയിലെ നഗരമായ അസാസിൽ നിന്ന് തിങ്കളാഴ്ചയാണ് ഇവർ പിടിയിലായതെന്ന് തുർക്കി സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
തുർക്കി സൈന്യം അസാസ് നഗരത്തോട് ചേർന്ന പ്രദേശത്ത് നടത്തിയ റെയ്ഡിലാണ് ബാഗ്ദാദിയുടെ സഹോദരിയായ റസ്മിയാ അവാദ് (65) പിടിയിലായതെന്നാണ് വിവരം. ഇവരുടെ ഭർത്താവും മരുമകളും ഒപ്പം പിടിയിലായിട്ടുണ്ട്. ഇവരുടെ കൂടെ അഞ്ച് കുഞ്ഞുങ്ങളും ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. പിടികൂടിയവരെ തുർക്കി സൈന്യം ചോദ്യം ചെയ്യുകയാണ്.
ബാഗ്ദാദിയുടെ സഹോദരിയെ ചോദ്യം ചെയ്യുന്നതിലൂടെ ഐഎസ് പ്രവർത്തനവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് തുർക്കി സൈനിക വക്താവ് പറഞ്ഞു. എന്നാൽ പിടിയിലായത് ബാഗ്ദാദിയുടെ സഹോദരി തന്നെയാണോ എന്ന കാര്യം സ്ഥിരീകരിക്കാൻ വാർത്താ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല.
Discussion about this post