ലണ്ടന്‍: ബ്രിട്ടനിലെ ചില വന്‍കിട കമ്പനികളും ജോലിക്കാരും തമ്മിലുള്ള ബന്ധം കേട്ടാല്‍ ഞെട്ടും. ചില മൈക്രോചിപ്പുകള്‍ ത്വക്കിനടിയില്‍ ധരിക്കാന്‍ ജോലിക്കാരോട് ആവശ്യപ്പെടുകയാണ് പുതിയ രീതി. ഇത് കമ്പനിയും ജോലിക്കാരനും തമ്മിലുള്ള ഇടപെടല്‍ വളരെ എളുപ്പമാക്കുമെന്നാണ് വന്‍കിട കമ്പനികളുടെ വാദം.
ഇങ്ങനെ ശരീരത്തിനുള്ളില്‍ ഘടിപ്പിക്കുന്ന ചിപ്പ് ജോലിക്കാരന്റെ കമ്പനിക്കുള്ളിലെ ഐഡന്റിറ്റി കാര്‍ഡ് ആയി തീരുന്നു. ഇതിലൂടെ ഓഫിസിന്റെ മുറികള്‍ക്കുള്ളിലേക്കുള്ള പ്രവേശനം അനുവദിക്കുകയോ അനുവദിക്കാതിരിക്കുകയോ ചെയ്യാം. വാതിലില്‍ വച്ചിരിക്കുന്ന സെന്‍സറുകള്‍ക്ക് വരുന്നയാളെ അറിയാം. ഓഫിസിനുള്ളില്‍ ക്യാന്റീനിലും മറ്റും പണമടയ്ക്കാനുമിത് ഉപയോഗിക്കാം. ഒരു ജോലിക്കാരന്‍ പ്രവേശിക്കേണ്ടാത്ത ഇടം ഓഫിസിലുണ്ടെങ്കില്‍ അതും ബ്ലോക്ക് ചെയ്യാം.
തള്ളവിരലിനും ചൂണ്ടുവരിലിനുമിടയില്‍, ത്വക്കിനടിയില്‍ സ്ഥാപിക്കുന്ന ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ കമ്പനി തനിക്കു തന്ന അംഗീകാരമായി ചില ജോലിക്കാര്‍ കാണുമെങ്കില്‍ ഇത് തന്റെ സ്വകാര്യത നശിപ്പിച്ച് ജീവിതം നരകതുല്യമാക്കുന്ന ഒന്നായാണ് വേറെ ചിലര്‍ കാണുന്നത്. അതുകൊണ്ടുതന്നെ ആദ്യകാലത്ത് ചിപ്പു വയ്ക്കാനും വയ്ക്കാതിരിക്കാനും ജോലിക്കാര്‍ക്ക് അനുമതിയുണ്ടാകുമെന്നാണ് ദി ടെലിഗ്രാഫ് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്. ഇത് ആദ്യകാലത്ത് ഐച്ഛികമാക്കുന്നത് സ്വകാര്യത പ്രശ്നം ആരോപിച്ച് ഈ രീതി മുളയിലെ നുള്ളാതിരിക്കാനാണെന്നാണ് സ്വകാര്യതയെക്കുറിച്ച് ബോധമുള്ളവര്‍ വാദിക്കുന്നത്.
വളര്‍ത്തുമൃഗങ്ങളില്‍ ഇത്തരം ചിപ്പുകള്‍ വയ്ക്കുന്ന രീതി നിലവിലുണ്ട്. അത്തരം മൈക്രോ ചിപ്പുകള്‍ തന്നെയായിരിക്കും ജോലിക്കാരിലും വയ്ക്കുക. ചിപ്പ് വയ്ക്കാന്‍ സെക്കന്‍ഡുകള്‍ മാത്രമെ എടുക്കൂവെന്ന് ബയോഹാക്സ് പറഞ്ഞു. കോണ്ടാക്ട്ലെസ് പെയ്മെന്റ് സിസ്റ്റത്തെപ്പോലെയായിരിക്കും ഇത് പ്രവര്‍ത്തിക്കുക. ഇത് ആവശ്യം വരുമ്പോള്‍ ജീവനക്കാര്‍ സ്‌കാനറിനു നേരെ കൈ ഉയര്‍ത്തിക്കാണിച്ചാല്‍ മതിയാകും.
എന്നാല്‍ സമ്പ്രദായത്തെ ചോദ്യം ചെയ്ത് ബ്രിട്ടനിലെ ദി ട്രെയ്ഡ് യൂണിയന്‍ കോണ്‍ഗ്രസ് തുടങ്ങിയ തൊഴിലാളി സംഘടനകള്‍ ഇതിനെതിരെ രംഗത്തുവന്നു കഴിഞ്ഞു. ഇപ്പോള്‍ത്തന്നെ ചില മുതലാളിമാര്‍ ടെക്നോളജി ഉപയോഗിച്ച് സൂക്ഷ്മതലത്തില്‍ ജോലിക്കാരെക്കുറിച്ചു പഠിക്കുന്നുണ്ട്. തൊഴിലാളികളുടെ സ്വകാര്യത ഹനിക്കുന്നതാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്നാണ് അവര്‍ നിരീക്ഷിക്കുന്നത്.
എന്നാല്‍ തൊഴിലാളികളുടെ ആശങ്കയ്ക്ക് മറുപടിയുമായി കമ്പനികളും ഇതിനോ
ടകം രംഗത്തെത്തികഴിഞ്ഞു. സര്‍ക്കാരാണ് ഇത്തരമൊരു നീക്കം നടത്തുന്നതെങ്കില്‍ അതിനെ വേറൊരു രീതിയില്‍ കാണണം. പക്ഷേ, ഞങ്ങളൊരു സ്വകാര്യ കമ്പനിയാണ്. ഞങ്ങള്‍ ഞങ്ങളുടെ കമ്മ്യൂണിറ്റിയുമൊത്ത്, ഇവിടത്തെ കമ്മ്യൂണിറ്റുക്കുവേണ്ടി പ്രവര്‍ത്തിക്കുയാണെന്നാണ് ജോവാന്‍ പറയുന്നത്. എന്തായാലും സ്വീഡനില്‍ കണ്ട പരീക്ഷണം കൂടുതല്‍ രാജ്യങ്ങളിലേക്കു വ്യാപിക്കുമെന്നു കരുതുന്നു.