വാഷിങ്ടണ്‍: ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് അമേരിക്ക.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്ലിബ് മേഖലയില്‍ നടന്ന സൈനിക ഓപ്പറേഷനിലാണ് ബാഗ്ദാദിയെ വധിച്ചതെന്നും, രണ്ട് മണിക്കൂര്‍ നീണ്ട സൈനിക നടപടികള്‍ക്കൊടുവിലാണ് കൊല്ലപ്പെട്ടതെന്നും ട്രംപ് വ്യക്തമാക്കി.
സൈനിക നീക്കത്തിനിടെ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോള്‍ ബാഗ്ദാദി ശരീരത്തില്‍ സ്ഫോടക വസ്തു വെച്ചു കെട്ടി മരിക്കുകയായിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. സ്പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡോകളായ ഡെല്‍റ്റ ഫോഴ്സാണ് ദൗത്യം നിര്‍വഹിച്ചതെന്നും സൈനിക നടപടികള്‍ തത്സമയം വീക്ഷിച്ചുവെന്നും ട്രംപ് പറഞ്ഞു.
അമേരിക്കന്‍ സൈന്യത്തെ കണ്ട് ഭയന്ന് തന്റെ മൂന്ന് കുട്ടികളുമായി ഒരു തുരങ്കത്തിനകത്തേക്ക് കടന്ന ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് പറയുന്നത്. ഈ മൂന്ന് കുട്ടികളും പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടുവെന്നും ട്രംപ് അറിയിച്ചു. ബാഗ്ജദാദിയുടെ അവസാന നിമിഷങ്ങള്‍ ഏതൊരു ഭീരുവിന്റേതും പോലെ ആയിരുന്നുവെന്നും ട്രംപ് പറഞ്ഞു.
രണ്ട് മണിക്കൂര്‍ മാത്രമാണ് സൈനിക നടപടി നീണ്ട് നിന്നതെന്നും,സ്ഥലത്ത് നിന്ന് 11 കുട്ടികളെ അമേരിക്കന്‍ സൈന്യം രക്ഷിച്ചതായും ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഐയാണ് അബൂബക്കര്‍ അല്‍- ബാഗ്ദാദിയുടെ താവളം കണ്ടെത്തിയത്.
ബാഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ (60 കോടി രൂപ) പ്രതിഫലം നല്‍കുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് 2011ല്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബാഗ്ദാദി ഒളിവില്‍ കഴിയുകയായിരുന്നു. 2010ലാണ് ബാഗ്ദാദി ഭീകരസംഘടനയായ ഐഎസ് നേതാവാകുന്നത്. പിന്നീട് അല്‍ഖ്വെയ്ദയെ സംഘടനയില്‍ ലയിപ്പിച്ച് ഭീകരപ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്ന നടപടികള്‍ക്ക് ചുക്കാന്‍ പിടിച്ചത് ബാഗ്ദാദിയാണ്.
Discussion about this post