ബിരുദ പരീക്ഷ പാസാവാൻ എട്ട് അപരകളെ ഇറക്കി വനിതാ എംപി; ഒടുവിൽ കൈയ്യോടെ പിടികൂടി പുറത്താക്കി സർവ്വകലാശാല

ധാക്ക: ബിരുദ പരീക്ഷയിൽ വിജയിക്കാൻ തന്നോടു രൂപസാദൃശ്യമുള്ള എട്ടുപേരെ ഏർപ്പെടുത്തി പരീക്ഷയ്ക്ക് അയച്ച വനിതാ എംപിയെ ബംഗ്ലദേശ് ഓപ്പൺ യൂണിവേഴ്‌സിറ്റി പുറത്താക്കി. ഭരണകക്ഷിയായ അവാമി ലീഗിന്റെ എംപിയായ തമന്ന നുസ്രത്തിനെയാണ് യൂണിവേഴ്‌സിറ്റി അയോഗ്യയാക്കിയത്. ബിഎ വിദ്യാർത്ഥിനിയായ തമന്ന തനിക്കു പകരം പരീക്ഷയെഴുതാനാണ് തന്റെ രൂപസാദൃശ്യമുള്ള പെൺകുട്ടികളെ നിയോഗിച്ചത്. 13 പരീക്ഷകൾ ഇത്തരത്തിൽ എഴുതിയതായാണ് സൂചന. വനിതാ സംവരണമുള്ള സീറ്റിൽ മത്സരിച്ചാണ് നുസ്രത്ത് കഴിഞ്ഞ വർഷം പാർലമെന്റ്ംഗമായത്.

പരീക്ഷാ കേന്ദ്രങ്ങളിലൊന്നിൽ തമന്നയായി നടിച്ച് ഒരു സ്ത്രീ പരീക്ഷയെഴുതുന്നത് പ്രാദേശിക വാർത്താ ചാനൽ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവാദം കത്തിപ്പടരുകയായിരുന്നു. തട്ടിപ്പു പുറത്തായതിനെത്തുടർന്ന് അന്വേഷണത്തിനായി സർവകലാശാല നാലംഗകമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. തമന്നയെ പുറത്താക്കിയെന്നും ഇനി പ്രവേശനം നൽകില്ലെന്നും സർവകലാശാല അറിയിച്ചു.

അതേസമയം, എംപിക്കു വേണ്ടി മറ്റാൾക്കാർ പരീക്ഷയെഴുതുന്നത് എല്ലാവർക്കും അറിയാമെന്നും ഭയം മൂലമാണ് പുറത്തുപറയാത്തതെന്നും കോളേജിലെ ജീവനക്കാർ തന്നെ ആരോപണമുന്നയിച്ചിട്ടുണ്ട്. എംപിയുടെ കുടുംബത്തിന്റെ സ്വാധീനം ശക്തമാണ്. അതുകൊണ്ട് ആരും ഇതിനെ എതിർക്കാറില്ലെന്നും പരീക്ഷാ ഹാളിൽ ഗുണ്ടാ സംഘങ്ങൾ കാവലുണ്ടാകുമെന്നും കോളേജ് ജീവനക്കാരൻ വെളിപ്പെടുത്തി. ഈ സംഭവം ഗൗരവമായി തന്നെ കാണുമെന്ന് അവാമി ലീഗ് അറിയിച്ചു.

Exit mobile version