1993 സെപ്തംബര്‍ 30, രാവിലെ 3.56 മറാഠ്വാഡയിലെ ലാത്തൂരിലും ഉസ്മാനാബാദിലും 6.4 മാഗ്നിറ്റിയൂഡ് റിക്ടര്‍ സ്കെയിലില്‍ 9,748 പേരുടെ മരണത്തിന് ഇടയാക്കി ഒരു വന്‍ ഭൂകമ്പം ഉണ്ടായി. 30,000 ത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ആ ദുരന്തത്തില്‍ ഉറ്റവരേയും ഉടയവരെയും നഷ്ടപ്പെട്ടത് നിരവധി പേര്‍ക്ക്.
ആ സമയത്താണ് ലഫ്.കേണല്‍ സുമീത് ബക്ഷി ആ കുഞ്ഞിനെ രക്ഷിക്കുന്നത്. പിന്നീട്, 25 വര്‍ഷത്തിനുശേഷം അവര്‍ തമ്മില്‍ കണ്ടുമുട്ടി. അവരുടെ സ്നേഹബന്ധത്തിന്റെ കഥയാണ് ഇത്…..
അന്ന് നടന്ന ഭൂകമ്പത്തില്‍ ആ സ്ഥലമാകെ തകര്‍ന്നിരുന്നു. അവിടെ ഉണ്ടായിരുന്ന മനുഷ്യര്‍ക്ക് ആ ദുരന്തത്തില്‍ ഉറ്റവരേയും ഉടയവരെയും, വീടുകള്‍, കന്നുകാലികള്‍, തൊഴിലിടങ്ങള്‍, പ്രിയപ്പെട്ടവര്‍ എല്ലാം നഷ്ടപ്പെട്ടിരുന്നു.
അടുത്ത മൂന്ന് ദിവസം ഈ സ്ഥലത്താണ് ലഫ്.കേണല്‍ സുമീത് ബക്ഷി കഴിഞ്ഞത്. ചുറ്റും മനുഷ്യന്റെയും മൃഗങ്ങളുടേയും ശവശരീരങ്ങള്‍. ജില്ലാ ഭരണകൂടം എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് തന്നെ അദ്ദേഹം ഗ്ലൌസോ മാസ്കോ ഇല്ലാതെ ശവശരീരങ്ങളെടുത്ത് മാറ്റിത്തുടങ്ങിയിരുന്നു.
‘ഇന്‍ഫെക്ഷനും രോഗസാധ്യതയും വളരെ കൂടുതലായിരുന്നു. പക്ഷെ, നമുക്ക് വേറെ വഴിയില്ലായിരുന്നു. പുഴുക്കളും മറ്റ് ജീവികളും തങ്ങളെ ഉപദ്രവിച്ചു. ശവശരീരങ്ങളുടെ അവശിഷ്ടങ്ങള്‍ കയ്യില്‍ പറ്റിപ്പിടിച്ചു. ദിവസങ്ങളോളം ആഹാരം കഴിക്കോന്‍ പോലും തോന്നിയില്ല.’ അദ്ദേഹം പറയുന്നു.
അഞ്ചാമത്തെ ദിവസമാണ് അത് സംഭവിച്ചത്. 108 മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു, ഭൂകമ്പം നടന്നിട്ട്. ബക്ഷിയും മറ്റ് സൈനികരും കൂടി കാമ്പില്‍ നിന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. അപ്പോഴാണ് മധ്യവയസ്കരായ ആ ദമ്പതികള്‍ അദ്ദേഹത്തെ സമീപിച്ചത്.
സാര്‍, ദയവായി നമ്മുടെ കുഞ്ഞിന്റെ ശരീരം കണ്ടെത്താന്‍ സഹായിക്കണം. നമുക്കവളുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യണം. കരഞ്ഞുകൊണ്ട് ആ മനുഷ്യന് പറഞ്ഞു. ഭാര്യയും നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു. അഞ്ച് സംഘങ്ങള്‍ ആ സ്ഥലമാകെ തേടി. പക്ഷെ, കുഞ്ഞിനെ കണ്ടെത്താനായില്ല. ആ ദമ്പതികളുടെ സമീപത്തെ വീടും അമ്പലവും എല്ലാം തകര്‍ന്നിരുന്നു. പക്ഷെ, തക്ക സമയത്ത് പുറത്തേക്ക് വന്നതുകൊണ്ട് അവര്‍ രക്ഷപ്പെടുകയായിരുന്നു. പക്ഷെ, അവരുടെ പതിനെട്ട് മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായിരുന്നു. പിന്നി എന്നായിരുന്നു അവളുടെ പേര്.
ആ ദമ്പതികളുടെ കണ്ണീര് കണ്ടപ്പോള്‍ എങ്ങനെയെങ്കിലും കുഞ്ഞിനെ കണ്ടെത്തണമെന്ന് ബക്ഷിക്ക് തോന്നി. അദ്ദേഹം ഭക്ഷണം കഴിച്ചു കഴിഞ്ഞയുടനെ കുട്ടിയെ ശരീരം കണ്ടെത്തുന്നതിന് വേണ്ടി ഇറങ്ങി.
”ഞങ്ങള്‍ ആ ദമ്പതികള്‍ താമസിച്ചിരുന്ന സ്ഥലത്ത് കുഴിച്ചു. പാറക്കഷ്ണങ്ങളും മറ്റും തടസം സൃഷ്ടിച്ചതിനാല് അതിലേക്കിറങ്ങാനാകുമായിരുന്നില്ല. എനിക്ക് അന്ന് 20 വയസായിരുന്നു. ഞാനൊരു പരീക്ഷണത്തിന് തയ്യാറായി. എങ്ങനെയൊക്കെയോ അകത്ത് കടന്നു. ഞാന്‍ ചുറ്റും കൈകൊണ്ട് പരതി നോക്കി. പെട്ടെന്ന് എന്റെ കൈ ഒരു തണുത്ത ശരീരത്തെ തൊട്ടു. ഞാനാ ശരീരം എടുത്തു. ഞാന്‍ ഞെട്ടിപ്പോയി. അത് എല്ലാവര്ക്കും അവിശ്വസനീയമായിരുന്നു. 108 മണിക്കൂറിന് ശേഷവും ആ കുഞ്ഞ് ജീവനോടെയിരിക്കുന്നു. അവള് ശ്വസിക്കുന്നുണ്ടായിരുന്നു. കുഞ്ഞ് ജീവനോടെ ഇരിക്കുന്നു, കുഞ്ഞ് ജീവനോടെ ഇരിക്കുന്നു. ഞാന്‍ പറഞ്ഞു.”
”കുഞ്ഞിനെ രക്ഷിക്കാന്‍ മറ്റ് ജവാന്മാരുടെ സഹായവും തേടി. പക്ഷെ, അവര്‍ സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ ഗ്രാമവാസികളായ എഴുന്നൂറോളം പേര് അവിടെയെത്തി. കുഞ്ഞിനെ എങ്ങനെയെങ്കിലും പുറത്തെത്തിച്ചേ തീരൂവെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇത്രയും മണിക്കൂര്‍ മരണത്തെ അതിജീവിച്ച അവളെ രക്ഷിക്കേണ്ടതുണ്ടായിരുന്നു. അവസാനം ഞങ്ങള്‍ക്കിരുവര്‍ക്കും പുറത്തെത്താനുള്ള സംവിധാനമുണ്ടാക്കി. ഞാനവളെയും കൊണ്ട് പുറത്തെത്തി. പുറത്തെത്തിയ ഉടനെ പിന്നിയെ പൊട്ടിക്കരയുന്ന മാതാപിതാക്കളെ ഏല്പിച്ചു. അവള് ലാത്തൂരിലെ അദ്ഭുത ശിശുവായി. അന്നാണ് ഞാനവള്‍ക്ക് പ്രിയ എന്ന പേര് നല്‍കിയത്. ” അദ്ദേഹം പറയുന്നു.
പിന്നീട് ബക്ഷി പല സ്ഥലത്തും ജോലി നോക്കി. പ്രിയയുടെ കുടുംബം നാല് വര്‍ഷത്തോളം അദ്ദേഹത്തിന് കത്തും പ്രിയയുടെ ഫോട്ടോയും അയക്കുന്നുണ്ടായിരുന്നു. പിന്നീട്, അത് നിലച്ചു. തനിക്കറിയാം അവളുടെ വീട്ടുകാര്‍ പുനരധിവാസത്തിന്റേയും മറ്റും തിരക്കിലായിരുന്നിരിക്കും. ഞാനും പലയിടത്തുമായി. ഇടയ്ക്ക് അവളെവിടെയായിരിക്കുമെന്ന് ഓര്‍ക്കും. ബക്ഷി പറയുന്നു.
25 വര്‍ഷത്തിനു ശേഷം
2016 ല്‍ ബക്ഷി പൂനെയിലെത്തി. അന്ന് ഭാര്യ നീരയാണ് ചോദിക്കുന്നത് താങ്കളെന്തുകൊണ്ടാണ് അന്ന് ലാത്തൂരില്‍ നിന്നും രക്ഷിച്ച കുഞ്ഞിനെ അന്വേഷിക്കാത്തത് എന്ന്.
അതൊക്കെ നടക്കുമോ എന്നാണ് ചിന്തിച്ചത്. അപ്പോഴാണ് ക്ലര്‍ക്ക് ദയാനന്ദ് ജാതവുമായി സംസാരിക്കുന്നതിനിടയില്‍ അയാളുടെ വീട് എവിടെയാണ് എന്ന് അന്വേഷിക്കുന്നത്. അത് പ്രിയയുടെ അതേ സ്ഥലമായിരുന്നു. പ്രിയ പിന്നിയെ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം തിരികെ ചോദിച്ചു. ആ അദ്ഭുത ശിശു അല്ലേ , അവളെ എല്ലാവര്ക്കും അറിയാം. താങ്കള്‍ക്ക് എങ്ങനെ അറിയാം? ഞാന്‍ പറഞ്ഞു ഞാനാണ് അവളെ അന്ന് രക്ഷിച്ചത്. ദയാനന്ദ് ഞെട്ടിപ്പോയി.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ചോദിച്ചത് പ്രിയയുടെ വിവാഹത്തിന് പങ്കെടുക്കുന്നില്ലേ എന്ന്. പിന്നീട്, അയാള്‍ അവരെ ഫോണ്‍ വിളിച്ചു. പ്രിയയെ രക്ഷിച്ച ആളാണ് ഇപ്പോള്‍ എന്റെ ബോസ് എന്ന് പറഞ്ഞു. അദ്ദേഹം നിന്നോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു എന്നും.
പിന്നീട് നമ്മള് നമ്മള് പരസ്പരം കണ്ടു. അര മണിക്കൂറോളം നമുക്ക് പരസ്പരം സംസാരിക്കാനായില്ല. ഞാനും അവളും അവളുടെ അമ്മയും കരയുക മാത്രം ചെയ്തു. അവളുടെ അച്ഛന് കുറച്ച് മാസങ്ങള്‍ മുമ്പ് മരിച്ചുപോയിരുന്നു. അവള് അവളുടെ ബന്ധുവിന്റെ സ്കൂളില്‍ തന്നെ അധ്യാപികയായി ജോലി നേടിയതിനെ കുറിച്ചും മറ്റും പറഞ്ഞു. 25 വര്‍ഷം മുമ്പുള്ള എന്റെ ഫോട്ടോ അവളെന്നെ കാണിച്ചു. 18 മാസം പ്രായമുള്ള കുട്ടിയില്‍ നിന്ന് മുതിര്‍ന്ന ഒരു സ്ത്രീ ആയപ്പോഴും അവളെനിക്ക് ആ അദ്ഭുതശിശു തന്നെ ആയിരുന്നു.
ആ ഭൂകമ്പം നമ്മളെ ചേര്‍ത്തു നിര്‍ത്തി. അവളെന്നെ അച്ഛാ എന്ന് തന്നെയാണ് വിളിക്കുന്നത്. അവളെനിക്ക് പിറക്കാതെ പോയ മകളാണ്. അവള് അവളുടെ ഗ്രാമത്തിനായി പ്രവര്‍ത്തിക്കാനാരംഭിക്കുന്നു എന്ന് പറഞ്ഞു. എനിക്ക് അവളെ കുറിച്ചോര്‍ത്ത് അഭിമാനമാണ്.
Discussion about this post