അർക്കൻസാസ്: മാനിനെ വേട്ടയാടാൻ ഇറങ്ങിയ വേട്ടക്കാരന് ഇരയുടെ തിരിച്ചുള്ള ആക്രമണത്തിൽ ദാരുണമരണം. തോമസ് അലക്സാണ്ടർ (66) എന്നയാളാണ് മരിച്ചത്. വേട്ടക്കാരന്റെ വെടിയേറ്റ മാൻ തിരിച്ചാക്രമിക്കുകയായിരുന്നു. ഒക്ടോബർ 22 ചൊവ്വാഴ്ച അർക്കാൻസിലായിരുന്നു സംഭവം. മാനിനെ വെടിവെച്ച ശേഷം പുറത്തിറങ്ങി വെടിയേറ്റ മാനിനെ തിരയുന്നതിനിടെ മാൻ തിരിച്ച് ആക്രമിക്കുകയായിരുന്നു.
നിരവധി തവണ കൊമ്പുകൊണ്ടുള്ള ഇടിയും കുത്തുമേറ്റ അലക്സാണ്ടർ നിലത്തു വീണ് പോവുകയായിരുന്നു. കൈയിലുണ്ടായിരുന്ന ഫോണിൽ ഭാര്യയെ വിളിച്ച് അപകടവിവരം പറയുകയും ഭാര്യ എമൻജൻസി വിഭാഗവുമായി ബന്ധപ്പെടുകയും ചെയ്തു. രക്ഷാസംഘം ഉടനെ സ്ഥലത്തെത്തി അലക്സാണ്ടറെ ഹെലികോപ്ടറിൽ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശരീരം മുഴുവൻ കുത്തേറ്റ അലക്സാണ്ടർ എത്രനേരം അവിടെ കിടന്നുവെന്ന് കൃത്യമായി അറിയില്ലെന്ന് വൈൽഡ് ലൈഫ് അധികൃതർ പറഞ്ഞു. ഇത് ആദ്യ സംഭവമല്ലെന്നും 2016ൽ ആഷ്ലി കൗണ്ടിയിൽ ഇതിനു സമാനമായ രീതിയിൽ മാനിന്റെ കുത്തേറ്റു കൊല്ലപ്പെട്ടിരുന്നതായും അധികൃതർ പറയുന്നു. വെടിയേറ്റ മൃഗങ്ങൾ വളരെ അപകടകാരികളാണെന്ന് അറിഞ്ഞിരിക്കണമെന്നും അവരെ അന്വേഷിക്കുന്നത് വളരെ സൂക്ഷിച്ചു വേണമെന്നും വൈൽഡ് ലൈഫ് ഓഫീസർ മുന്നറിയിപ്പ് നൽകി.