ബ്രസീലിയ: മകന്റെ ചികിത്സയ്ക്കായി ലഭിച്ച കോടികള്‍ ആഢംബര ജീവിതത്തിനായി ചെലവഴിച്ച് പിതാവ്. ചികിത്സ കൃത്യമായി ലഭിക്കാതെ കുട്ടി മരണപ്പെട്ടു. തട്ടിപ്പ് ഭാര്യ കണ്ടെത്തിയതോടെയാണ് പിതാവിന്റെ കണ്ണില്ലാത്ത ക്രൂരത ലോകം കണ്ടത്. സംഭവത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് വയസുകാന് ജോവോ മിഗ്വേവിന് ടൈപ്പ് 1 സ്പൈനല്‍ മസ്കുലാര്‍ അട്രോഫി എന്ന രോഗമാണ് ബാധിച്ചത്.
അസുഖത്തില്‍ നിന്ന് ഈ കുരുന്ന് കരകയറണമെങ്കില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മരുന്നുകളാണ് ആവശ്യമായി വരുന്നത്. ഒരു മരുന്നിന് മാത്രം 60 ലക്ഷം രൂപയാണ് വില. ഇത് കുടുംബത്തിന് താങ്ങാനാവില്ലെന്ന് കണ്ടാണ് സഹായം തേടിയത്. കോടികള്‍ തന്നെ കുഞ്ഞിന്റെ ജീവന് രക്ഷയ്ക്കായി ഒഴുകിയെത്തി. കുട്ടിയുടെ പിതാവ് മാറ്റസ് ഹെന്റിക്ക് തന്നെയാണ് ഓണ്‍ലൈനിലൂടെ സുമനസുകളുടെ സഹായം തേടിയത്.
ഏകദേശം ഒന്നരകോടിയോളം രൂപയാണ് ലഭിച്ചത്. കുഞ്ഞിന് ആദ്യ ഡോസ് കുത്തിവെയ്പ്പ് എടുക്കുകയും ചെയ്തു. എന്നാല്‍ ശേഷമുള്ള ചികിത്സയ്ക്ക് പണം നല്‍കാതെ ആയി. പണം സ്വന്തം ആഢംബര ജീവിതത്തിന് വേണ്ടി വിനിയോഗിച്ച് തുടങ്ങി. വിദേശത്തുള്ള മുന്തിയ ഹോട്ടലുകളില്‍ പോയി അവധിക്കാലം ചെലവഴിക്കാനും ദൂര്‍ത്തടിക്കാനും ഇയാള്‍ തുക ഉപയോഗിച്ച് തുടങ്ങി.
ഒരു വേശ്യാലയത്തില്‍ തന്നെ ഏകദേശം 8.6 ലക്ഷം രൂപയാണ് ഇയാള്‍ പൊടിച്ചത്. ഹെന്റിക്കിന്റെ ജീവിതരീതിയിലും സ്വഭാവത്തിലും അസ്വഭാവിക തോന്നിയതോടെയാണ് ഭാര്യ ഇയാളെ രഹസ്യമായി നിരീക്ഷിക്കാന്‍ തുടങ്ങിയത്. രണ്ടാം തവണ മരുന്നിന് ചെലവാക്കാന്‍ കുഞ്ഞിന്റെ സഹായ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ അതില്‍ നിന്നും വലിയൊരു സംഖ്യ കുറവ് വന്നതും കണ്ടെത്തി. ഇതോടെ സംശയം തോന്നിയ ഇവര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ മൂന്നാം തവണ വിദേശയാത്രയ്ക്കുള്ള തയാറെടുപ്പിലായിരുന്നു. രണ്ടാം തവണ മരുന്ന് മുടങ്ങിയതോടെ ജോവോ മരണത്തിന് കീഴടങ്ങി.