സാവോ പോളോ: നിങ്ങൾക്ക് പാസ്പോർട്ട് ഉണ്ടായാൽ മാത്രം മതി ഇനി വിസയില്ലാതെ ബ്രസീലിലേക്ക് സുഖമായി പറന്നെത്താം. ഇന്ത്യയിൽനിന്നും ചൈനയിൽ നിന്നുമുള്ള വിനോദസഞ്ചാരികൾക്കും ബിസിനസുകാർക്കും ബ്രസീൽ സന്ദർശിക്കാൻ വിസ വേണമെന്ന നിബന്ധന ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസൊനാരോ അറിയിച്ചു.
നേരത്തെ വികസിത രാജ്യങ്ങളിൽ നിന്ന് ബ്രസീലിലെത്തുന്നവർക്ക് വിസ ഉണ്ടായിരിക്കണമെന്ന നിബന്ധന എടുത്തുകളഞ്ഞിരുന്നെങ്കിലും വികസ്വര രാജ്യങ്ങൾക്ക് ഈ അനുമതി ഉണ്ടായിരുന്നില്ല. എന്നാൽ ചൈന സന്ദർശത്തിനിടെ വികസ്വര രാജ്യങ്ങളിലേക്കും ആ നയം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് പ്രസിഡന്റ് പ്രഖ്യാപിക്കുകയായിരുന്നു.
ഈ വർഷം ആദ്യം, അമേരിക്ക, കാനഡ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്കും ബിസിനസുകാർക്കുമുള്ള വിസ നിബന്ധന ബ്രസീൽ സർക്കാർ ഒഴിവാക്കിയിരുന്നു. പക്ഷേ, ആ രാജ്യങ്ങൾ ബ്രസീലിയൻ പൗരന്മാർക്കുള്ള വിസ ആവശ്യകത ഉപേക്ഷിച്ചിട്ടില്ല. തീവ്ര വലതുപക്ഷക്കാരനായ ബോൾസൊനാരോ ഈ വർഷാദ്യമാണ് അധികാരത്തിലേറിയത്.