ക്വാലലംപൂര്‍: ക്വാലലംപൂരിലെ ബസ് സ്‌റ്റേഷനില്‍ വെച്ച് പ്രസവ വേദനയെടുത്ത യുവതിയെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ച പോലീസ് ഉദ്യോഗസ്ഥയുടെ നന്മയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. നന്ദി പ്രകടനമെന്നോണം യുവതി തന്റെ കുഞ്ഞിന് ആ പോലീസുകാരിയുടെ പേരിടുകയും ചെയ്തു. നന്മ നിറഞ്ഞ ഈ പ്രവര്‍ത്തിയെയാണ് ഇന്ന് ലോകം വാഴ്ത്തുന്നത്.
മലേഷ്യന്‍ പോലീസാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. സംഭവം ഇപ്പോള്‍ വൈറലാണ്. നിറവയറുമായി ക്വാലലംപൂരിലെ ബെര്‍സാപദുവില്‍ ബസിറങ്ങിയ ഉടന്‍ ഇന്തോനേഷ്യന്‍ സ്വദേശിയായ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ പോലീസുകാരിയുടെ സഹായം തേടി. ടാക്‌സി വിളിച്ച് യുവതിക്കൊപ്പം കോമതി നാരായണ്‍ എന്ന പോലീസുകാരിയും പോയി.
എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് കാറില്‍ യുവതി പ്രസവിക്കുകയായിരുന്നു. വേഗത്തില്‍ ആശുപത്രിയില്‍ എത്തിച്ച കോമതി ഇവരുടെ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് മടങ്ങിയത്. തന്റെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ചതിന് സ്‌നേഹത്തോടെ ഇന്തോനേഷ്യന്‍ യുവതി പോലീസുകാരിയുടെ പേര് മകന് ഇടുകയായിരുന്നു. ഈ പ്രവര്‍ത്തനത്തിനെ സര്‍ക്കാരും പോലീസും അഭിനന്ദിച്ചു.