മാലെ; ഏറെ നാള് നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് ഒടുവില്‍ മാലദ്വീപ് പ്രസിഡണ്ടായി ഇബ്രാഹിം മുഹമ്മദ് സാലിഹ് അധികാരമേറ്റു. തലസ്ഥാനമായ മാലെയിലെ ദേശീയ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് സ്ഥാനാരോഹണം നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി അതിഥിയായിരുന്നു.
സെപ്തംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ചൈനയോട് കൂറുപുലര്‍ത്തുന്ന അബ്ദുള്ള യമീനെയാണ് പ്രതിപക്ഷ നേതാവായ സാലിഹ് പരാജയപ്പെടുത്തിയത്. 2013ല്‍ യമീന് പ്രസിഡണ്ടായി അധികാരമേറ്റപ്പോള്‍ പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ നേതാക്കളെ ജയിലിലടച്ചതോടെയാണ് സാലിഹ് നേതൃരംഗത്തേക്ക് വന്നത്.
തെരഞ്ഞെടുപ്പിന് ശേഷം യമീന് പരാജയം അംഗീകരിക്കാന്‍ തയാറാകാത്തത് രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയിരുന്നു. പിന്നീട് സുപ്രീംകോടതി സാലിഹിന്റെ വിജയം അംഗീകരിച്ചതോടെയാണ് യമീന് പിന്‍വാങ്ങിയത്.
സാലിഹ് അധികാരമേറ്റതോടെ ബന്ധം മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. മോദിയുടെ സാന്നിധ്യം അതിന്റെ സൂചനയാണ്. ചൈനയുടെ കോളനിവത്കരണത്തില്‍നിന്ന് സാലിഹ് മാലദ്വീപിനെ രക്ഷിക്കുമെന്ന് മോഡി ട്വിറ്ററില്‍ കുറിച്ചു.
Discussion about this post