ഒട്ടാവ: കാനഡയിലെ പൊതുതിരഞ്ഞെടുപ്പിൽ നേരിയ മുൻതൂക്കത്തിൽ ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടി വീണ്ടും അധികാരത്തിൽ. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിന് 13 സീറ്റുകളുടെ കുറവാണ് ലിബറൽ പാർട്ടി അഭിമുഖീകരിച്ചത്. 338 അംഗങ്ങളുള്ള സഭയിൽ 170 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാൽ 157 സീറ്റുകൾ നേടാനേ ലിബറൽ പാർട്ടിക്ക് സാധിച്ചുള്ളൂ.
ട്രൂഡോവിന്റെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടിയും കൺസർവേറ്റീവ് പാർട്ടിയും സിഖ് നേതാവ് ജഗ്മീത് സിങ്ങിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയും തമ്മിലായിരുന്നു പ്രധാന പോരാട്ടം. കൺസർവേറ്റീവ് പാർട്ടിക്ക് 122 സീറ്റ് ലഭിച്ചു. ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്ക് 24 സീറ്റുകളും ലഭിച്ചു. അഴിമതിയാരോപണങ്ങളും വംശീയ നിലപാടുകളും സ്വീകരിച്ചെന്ന ആക്ഷേപങ്ങളും ട്രൂഡോ സർക്കാരിന് എതിരായതോടെ ആൻഡ്രൂ ഷീർ നയിക്കുന്ന കൺസർവേറ്റീവ് പാർട്ടിക്കായിരുന്നു അഭിപ്രായസർവേകളിൽ മുൻതൂക്കം.
ട്രൂഡോയുടെ പ്രതിച്ഛായ മങ്ങിയതോടെ ലിബറൽ പാർട്ടിയുടെ നില പരുങ്ങലിലായിരുന്നു. കേവല ഭൂരിപക്ഷമില്ലാതെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ട്രൂഡോയ്ക്ക് വലിയ വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2015-ൽ 184 സീറ്റുനേടിയാണ് ലിബറൽ പാർട്ടി അധികാരത്തിലേറിയത്.