മോസ്‌കോ: വിമാനത്തിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വിമാനകമ്പനി പ്രവർത്തിച്ചതായി ഒട്ടേറെ പരാതികൾ ഉയരുന്നത് പതിവാണ്. എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്തയിൽ യാത്രക്കാർ മദ്യപിച്ച് വിമാനത്തിൽ വെച്ച് സൃഷ്ടിച്ച പ്രശ്‌നങ്ങൾ കാരണം പോലീസിനെ സമീപിക്കേണ്ടി വന്ന വിമാന കമ്പനിയെയാണ് കാണാൻ സാധിക്കുക. മോസ്‌കോയിൽ നിന്ന് ഫുക്കറ്റിലേക്ക് പുറപ്പെട്ട നോർവിന്റ് എയർലൈൻസിന്റെ ബോയിങ് 777 വിമാനത്തിലെ ജീവനക്കാർക്കാണ് ദുരനുഭവമുണ്ടായത്.
ഒരു യാത്രക്കാരൻ മദ്യപിച്ച് ലക്കുകെട്ട് എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ചതാണ് ആദ്യത്തെ പ്രശ്‌നം. യാത്രക്കാർ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. 33,000 അടി ഉയരത്തിൽ സഞ്ചരിക്കുന്ന വിമാനത്തിന്റെ എമർജൻസി ഡോർ തുറന്നു പുറത്തിറങ്ങണമെന്ന് വാശി പിടിക്കുകയായിരുന്നു അയാൾ. വിമാനത്തിലെ ഡോക്ടർ ഇടപെട്ട് ഈ യാത്രക്കാരനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ യാത്രക്കാർക്ക് ബലമായി ഇയാളെ കീഴടക്കേണ്ടി വന്നു. സെൽഫോൺ വയറുപയോഗിച്ച് വിമാനത്തിൽ കെട്ടിയിടുകയും ചെയ്യേണ്ടി വന്നു. വിമാനം ഉസ്‌ബെസ്‌കിസ്ഥാനിലെ താഷ്‌കൻഡിൽ ഇറങ്ങിയ ശേഷം ബഹളമുണ്ടാക്കിയ ആളെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.
വീണ്ടും വിമാനം പറന്നുയർന്നെങ്കിലും യാത്രക്കാരിൽ ചിലർ പ്രശ്‌നങ്ങൾ സൃഷ്ടിച്ചത് സഹയാത്രികർക്കും ജീവനക്കാർക്കും അലോസരമുണ്ടാക്കി. മറ്റ് രണ്ട് മദ്യപന്മാരാണ് ഇത്തവണ വിമാനത്തിൽ പ്രശ്‌നമുണ്ടാക്കിയത്. ക്യാബിൻ ക്രൂ ഇടപെട്ട് ഇവരെ രണ്ട് പേരെയും രണ്ട് ഭാഗത്തേക്ക് മാറ്റിയിരുത്തി താൽക്കാലിക ആശ്വാസം കണ്ടെത്തി. ഇതിനിടെ മറ്റൊരു യാത്രികൻ വിമാനത്തിലെ ശുചിമുറിക്കകത്ത് വച്ച് പുക വലിച്ചതും പ്രശ്‌നം സൃഷ്ടിച്ചു. ഒടുവിൽ വിമാനം തായ്‌ലൻഡിൽ ഇറങ്ങിയ ശേഷം മൂന്നു പേരേയും പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Discussion about this post