സ്റ്റോക്ക് ഹോം: ഇത്തവണത്തെ രസതന്ത്രത്തിനുള്ള നോബേൽ സമ്മാനം പ്രഖ്യാപിക്കവെ ‘റീചാർജ് ചെയ്യാവുന്ന ഒരു ലോകത്തിനാണ്’ ഇത്തവണത്തെ പുരസ്കാരമെന്നാണ് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് വിശദീകരിച്ചത്. കാരണം മറ്റൊന്നുമല്ല, ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം ജനപ്രിയമാക്കുന്നതിനു സഹായിച്ച ലിഥിയം-അയൺ ബാറ്ററി വികസിപ്പിച്ച മൂന്നുപേർക്കാണ് ഈ വർഷത്തെ രസതന്ത്ര നോബേൽ എന്നതുതന്നെ.
ശാസ്ത്രജ്ഞരായ ജോൺ ബി ഗുഡിനഫ് (യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്), എം സ്റ്റാൻലി വിറ്റിങ്ഹാം (സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക്), അകിര യോഷിനോ (ജപ്പാനിലെ മെയ്ജോ യൂണിവേഴ്സിറ്റി) എന്നിവരാണു നോബേലിന് അർഹരായത്. സമ്മാനത്തുകയായ ഒമ്പത് ദശലക്ഷം സ്വീഡിഷ് ക്രോണ മൂവരും തുല്യമായി പങ്കിടും.
നമ്മുടെയെല്ലാം ജീവിതത്തിൽ വിപ്ലവകരമായ മാറ്റമാണ് ലിഥിയം-അയൺ ബാറ്ററികൾ കൊണ്ടുവന്നത്. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കേണ്ടാത്ത, ഒരു വയർലസ് സമൂഹത്തെ സൃഷ്ടിക്കുന്നതിനു തറക്കല്ലിടുകയാണ് നോബേൽ ജേതാക്കളായ മൂവരും ചെയ്തത്. 1970കളിൽ എണ്ണയ്ക്കു ദൗർലഭ്യം വന്നപ്പോൾ വിറ്റിങ്ഹാം നടത്തിയ ഗവേഷണങ്ങളിൽ നിന്നാണ് ഈ വിപ്ലവകരമായ മാറ്റത്തിന്റെ തുടക്കമെന്നും അക്കാദമി വ്യക്തമാക്കി.
മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങി ഇലക്ട്രിക് വാഹനങ്ങൾ വരെയുള്ളവയിലെ സുപ്രധാന ഭാഗമാണു കനം കുറഞ്ഞതും റീചാർജ് ചെയ്യാവുന്നതുമായ ലിഥിയം അയൺ ബാറ്ററി.
Discussion about this post