കഴിഞ്ഞ ദിവസങ്ങളിലായി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രത്തിന്റെ യാഥാര്‍ത്ഥ്യമാണ് ഇപ്പോള്‍ വെളിപ്പെടുന്നത്. വെടിയേറ്റ് വീണ മാനിന് രണ്ട് തല എന്ന അപൂര്‍വ്വ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയിലും മറ്റും വ്യാപകമാവുന്നത്. രണ്ട് തലയുടെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത് മാനിനെ വേട്ടയാടിയ ബോബ് ലോങ്ങ് ആണ്. വലിയ കൊമ്പുളള ഒരു മാനിനെ വളരെ ദൂരത്തു നിന്ന് പ്രയാസപ്പെട്ടാണ് ബോബ് വെടിവെച്ച് ഇട്ടത്. വെടിയേറ്റ മാനിനെ എടുക്കാനായി ബോബ് ഓടിയെത്തിയപ്പോഴാണ് മാനിന് രണ്ട് തല കണ്ടത്.
ഞെട്ടിത്തരിച്ച ബോബ് അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് സംഗതിയുടെ സത്യാവസ്ഥ പിടി കിട്ടിയത്. മാനിന്റെ കൊമ്പില്ചത്ത് അഴുകിപ്പോയ മറ്റൊരു മാനിന്റെ കൊമ്പ് കൂടി ഇരുന്നതാണ് രണ്ട് തലയായി ആദ്യം തെറ്റുദ്ധരിക്കപ്പെട്ടിരുന്നത്, ബോബ് വെളിപ്പെടുത്തി. അഴുകിയ മാനിന്റെ കഴുത്തിനു താഴെയുളള ഭാഗം പൂര്‍ണമായി അഴുകി നഷ്ടപ്പെട്ടുപോയി. കൊമ്പുകള്‍ പരസ്പരം കെട്ടിപ്പിണഞ്ഞ് കിടന്നിരുന്നത് കൊണ്ട് ഒറ്റ നോട്ടത്തില്‍ മാനിന്റെ ഇരുതലയെന്ന് തോന്നുകയും ചെയ്യും. വനംവകുപ്പ് അധികൃതര്‍ ‘ഇരുതലയുളള മാനിന്റെ’ ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് പുറംലോകം കാര്യം അറിഞ്ഞത്. സംഭവം പുറത്തായതോടെ വേട്ടക്കാരനെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി പേര് രംഗത്തെത്തി.
മാനിന്റെ കൊമ്പുകള്‍ എങ്ങനെയായിരിക്കും പരസ്പരം ഉടക്കിയിരിക്കുക എന്നതിനെ കുറിച്ചുളള ചര്‍ച്ച സമൂഹമാധ്യമങ്ങളില്‍ ഉടലെടുക്കുകയും ചെയ്തു. ചത്തുപോയ മാനുകളുടെ ജഡങ്ങളില്‍ തങ്ങളുടെ കൊമ്പ് മുട്ടിയുരുമ്മുന്ന രീതി മാനുകള്ക്കുണ്ടെന്നും അപ്രകാരം ചെയ്തപ്പോള്‍ കുരുങ്ങിപ്പോയതാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. പരസ്പരം പോരടിച്ചപ്പോള്‍ കുടുങ്ങിപ്പോയതാകുമെന്നും ഗുരുതരമായി പരിക്കേറ്റ മാന്‍ ചത്തുപ്പോയതാണെന്നും ചിലര്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ സാധാരണമാണെന്നും എന്നാല്‍ ചത്തമാനിന്റെ കൊമ്പില്‍ നിന്ന് തന്റെ കൊമ്പ് അഴിച്ചെടുക്കാനാകാതെ ആ ജഡവും പേറി വെടിയേറ്റ മാന്‍ ജീവിക്കുകയായിരുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
Discussion about this post