ഐസ്‌ലൻഡ്: വിമാനത്തിൽ നിന്നും ഒഴുകുന്ന നദിയിലേക്ക് വീണ ഐഫോൺ ഒരുവർഷത്തിനു ശേഷം കണ്ടെത്തിയപ്പോഴും കിടിലൻ പ്രകടനമെന്ന് ഫോണിന്റെ ഉടമയുടെ അവകാശവാദം. വെള്ളപ്പൊക്കം ഷൂട്ട് ചെയ്യുന്നതിന് ഇടയിൽ വിമാനത്തിൽ നിന്ന് നദിയിൽ വീണ ഐഫോൺ-6 ആണ് പതിമൂന്ന് മാസങ്ങൾക്ക് ഇപ്പുറം കണ്ടെത്തിയത്. ഐസ്‌ലാൻഡിൽ നിന്നുള്ളതാണ് വാർത്ത. പ്രശസ്ത ഫോട്ടോഗ്രാഫർ ഹൗകുർ സോണോറാസണാണ് തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്.
തെക്കൻ ഐസ്ലാൻഡിലെ സ്‌കാഫ്റ്റാ നദിയിൽ പ്രളയത്തിന്റെ ചിത്രമെടുക്കുന്നതിന്റെ ഇടയിലാണ് ഹൗകുറിന്റെ ഐഫോൺ 6 എസ് നദിയിൽ വീണത്. ഓഗസ്റ്റ് 4,2018 ലായിരുന്നു സംഭവം. ഫോൺ നഷ്ടപ്പെട്ടുവെന്ന് തന്നെ കരുതിയെങ്കിലും നദിക്കരയിലെ ചില കർഷകരോട് ഫോണിനേക്കുറിച്ച് പറഞ്ഞാണ് ഹൗകുർ മടങ്ങിയത്. കർഷകർക്ക് കിട്ടിയില്ലെങ്കിലും പതിമൂന്ന് മാസങ്ങൾക്ക് ഇപ്പുറം സെപ്റ്റംബർ 13, 2019ന് ഹൈക്കിങിന് പോയ സംഘത്തിന് ഐഫോൺ കിട്ടുകയായിരുന്നു.
വെള്ളത്തിൽ ഒരുപാട് കാലം കിടന്നതിനാൽ കേടുവന്നിട്ടുണ്ടായിരിക്കും എന്നുകരുതിയെങ്കിലും കളയാതെ വീട്ടിലെത്തി ചാർജ് ചെയ്തതോടെ ഫോൺ വീണ്ടും പ്രവർത്തിച്ചെന്നാണ് ഹൈക്കിങ് സംഘം പറയുന്നത്. സ്‌ക്രീനിൽ ഫോട്ടോഗ്രാഫറുടെ ചിത്രം കണ്ടെത്തിയ സംഘം ഹൗകുറിനെ ബന്ധപ്പെടുകയായിരുന്നു. വെള്ളത്തിലേക്ക് വീഴുന്നതിന് തൊട്ട് മുൻപ് ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ വരെ ഫോണിൽ നിന്ന് നഷ്ടപ്പെട്ടില്ലെന്നാണ് ഹൗകുർ വിശദീകരിക്കുന്നത്.
ഫോണിന്റെ മൈക്രോഫോണിന് മാത്രമാണ് കാര്യമായ തകരാറുള്ളത്. നദിയിലെ കട്ടിയേറിയ പായലിൽ പതിച്ചതാവാം തൻറെ ഫോണിനെ രക്ഷപ്പെടുത്തിയതെന്നാണ് ഹൗകുർ പറയുന്നത്. വിമാനത്തിൽ നിന്നുള്ള വീഴ്ചയിൽ ഫോണിന് കാര്യമായി പരിക്കൊന്നുമേറ്റില്ലെന്നും ഫോണിൽ നിന്ന് ലഭിച്ച അവസാന വിഡിയോയിൽ കാണാൻ സാധിക്കും. എന്നാൽ ഫോട്ടോഗ്രാഫർ വെറുതെ തള്ളുകയാണെന്നും ചാറ്റൽ മഴ കൊണ്ട ഐഫോൺ 6 എസ് കേടായെന്നും നിരവധിപ്പേർ പ്രതികരിക്കുന്നുണ്ട്.
Discussion about this post