ഡല്ലാസ്: പോലീസുകാരിക്ക് മാപ്പു കൊടുത്തും അവരെ സ്നേഹാലിംഗനം ചെയ്തും സഹോദരന്റെ നന്മ മനസ്. അയൽക്കാരനായ യുവാവിനെ അക്രമിയെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ച് വീഴ്ത്തിയ പോലീസുകാരിക്ക് മാപ്പു കൊടുത്ത സഹോദരന്റെ കോടതിയിൽ നിന്നുള്ള വീഡിയോ സോഷ്യൽമീഡിയയിൽ ഉൾപ്പടെ വൈറലാവുകയാണ്. അമേരിക്കയിലെ ഡല്ലാസിലാണ് സംഭവം.
യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ മുൻ ഡല്ലാസ് പോലീസ് ഉദ്യോഗസ്ഥ അംബർ ഗേയ്ഗർക്ക് 10 വർഷം തടവാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കറുത്തവർഗ്ഗക്കാരനായ ബോദം ജീൻ എന്ന യുവാവിനെയാണ് അയാളുടെ അപ്പാർട്ട്മെന്റിനകത്ത് വെച്ച് അയൽക്കാരിയായ പോലീസുദ്യോഗസ്ഥ വെടിവെച്ചിട്ടത്. വീടിനകത്ത് കടന്നുകയറിയ അക്രമിയെന്ന് തെറ്റിദ്ധരിച്ചായിരുന്നു പോലീസുകാരി വെടിവെച്ചത്. അംബർ അവരുടെ തന്നെ അപ്പാർട്ട്മെന്റാണെന്ന് തെറ്റിദ്ധരിച്ച് ബോദം ജീനിന്റെ അപ്പാർട്ട്മെന്റിലേക്ക് കയറുകയായിരുന്നു. സോഫയിലിരിക്കുകയായിരുന്ന ബോദമിനെ വെടിവെച്ചിട്ട ശേഷമാണ് അംബർക്ക് അബദ്ധം മനസിലായതെന്നും അവർക്കായി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. വിചാരണയ്ക്കിടെ തനിക്ക് തെറ്റുപറ്റിയെന്നും നിരപരാധിയായ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയെന്നും അംബർ കുറ്റസമ്മതം നടത്തിയിരുന്നു.
അതേസമയം, കറുത്തവർഗ്ഗക്കാരായ ആളുകൾക്ക് നേരെ യുഎസ് പോലീസ് ആക്രമണങ്ങൾ അഴിച്ചുവിടുകയാണ് എന്ന് ആരോപിച്ച് വിചാരണ നടക്കുന്ന കോടതിക്ക് പുറത്ത് ആളുകൾ പ്രതിഷേധവുമായി കൂട്ടത്തോടെ എത്തിയിരുന്നു. എന്നാൽ പോലീസ് ക്രൂരതയ്ക്കെതിരെ പ്രതിഷേധക്കാർ ഉച്ചസ്വരത്തിൽ മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നപ്പോൾ കോടതിമുറിക്കുള്ളിൽ വികാരനിർഭരമായ രംഗങ്ങളാണ് യഥാർത്ഥത്തിൽ അരങ്ങേറിയത്.
കൊല്ലപ്പെട്ട ബോദം ജീനിന്റെ ജീനിന്റെ സഹോദരൻ ബ്രാന്റ്റ്റ് ജീനും വിധി കേൾക്കാൻ കോടതിമുറിക്കുള്ളിൽ ഉണ്ടായിരുന്നു. ഏഴുദിവസത്തെ വിചാരണയ്ക്ക് ശേഷം ജഡ്ജി പ്രസ്താവിച്ച വിധി കേട്ട് ബ്രാന്റ്റ്റ് പറഞ്ഞതിങ്ങനെ: ”നിങ്ങൾ ജയിലിൽ പോകണമെന്ന് എനിക്ക് ആഗ്രഹമില്ല. ഒരു വ്യക്തിയെന്ന രീതിയിൽ എനിക്ക് നിങ്ങളോട് സ്നേഹമാണ്. നിങ്ങൾക്ക് ദോഷകരമാകുന്ന ഒന്നും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല, സാധിക്കുമോ എന്നറിയില്ല, എനിക്കവരെ ഒന്ന് ആലിംഗനം ചെയ്യാൻ പറ്റുമോ?”. ഈ വാക്കുകൾക്ക് പിന്നാലെ ബ്രാന്റ്റ്റ് അംബറിനെ സ്നേഹത്തോടെ ആലിംഗനം ചെയ്തതോടെ കോടതി മുറിക്കുള്ളിലെ ഓരോരുത്തരുടേയും കണ്ണുനിറയുന്ന കാഴ്ചയാണ് കാണാനായത്. ഈ രംഗം കണ്ട് ജഡ്ജി പോലും കണ്ണീരടക്കാൻ പാടുപെട്ടു.
Discussion about this post