ന്യൂയോർക്ക്: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും വായ്പയെടുത്ത് രാജ്യത്തു നിന്നും കടന്ന വിവാദവ്യവസായി മെഹുൽ ചോക്സിയെ തിരിച്ചയയ്ക്കുമെന്ന് ആന്റിഗ്വ. മെഹുൽ ചോക്സി ചതിയനാണെന്നും ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്നും ആന്റിഗ്വ ആൻഡ് ബർബൂഡ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ പറഞ്ഞു. നിലവിൽ ആന്റിഗ്വ ബർബൂഡയും ഇന്ത്യയും തമ്മിൽ കുറ്റവാളി കൈമാറ്റ കരാർ ഇല്ല.
മെഹുൽ ചോക്സി ചതിയനാണെന്ന വിവരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ കൊണ്ട് ഞങ്ങളുടെ രാജ്യത്തിന് യാതൊരു ഗുണവും ലഭിക്കാനില്ല. ചോക്സിയുടെ അപേക്ഷകൾ എല്ലാം തള്ളിക്കളഞ്ഞതിനു ശേഷം അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കും. ഇന്ത്യയിൽ ചോക്സിക്കെതിരെയുള്ള കേസുകളിൽ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിന് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും ബ്രൗൺ പറഞ്ഞു.
പിഎൻബി തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ ചോക്സി, കഴിഞ്ഞവർഷം ജനുവരിയിലാണ് രാജ്യംവിട്ടത്. തട്ടിപ്പ് പുറത്തെത്തുന്നതിന് രണ്ട് മാസം മുമ്പുതന്നെ ആന്റിഗ്വ ആൻഡ് ബർബൂഡയിൽ പൗരത്വം നേടുന്നതിനുള്ള രേഖകൾ ചോക്സി തയ്യാറാക്കിയിരുന്നു.