പാരിസ്: പ്രശസ്ത ചിത്രകാരന്‍ ചീമാബുവെയുടെ പതിമൂന്നാം നൂറ്റാണ്ടിലെ ഉല്‍കൃഷ്ടരചന കണ്ടെത്തി. ഫ്രാന്‍സ് പാരിസിലെ കോംപെയിനിലെ ഒരു വീട്ടിലെ അടുക്കളയില്‍ തൂക്കിയിട്ട നിലയിലാണ് ഈ പെയിന്റിങ് കണ്ടെത്തിയത്. ക്രിസ്തുവിന്റെ പീഡാനുഭവം ചിത്രീകരിച്ച ചീമാബുവെയുടെ അവശേഷിക്കുന്ന പതിനൊന്ന് അപൂര്‍വ്വ പെയിന്റിങ്ങുകളില്‍ ഒന്നാണിത്.
കുരിശിന്റെ വഴിയില്‍ ആളുകള്‍ ചുറ്റും കൂടി യേശുക്രിസ്തുവിനെ പരിഹസിക്കുന്നതാണ് ചിത്രത്തിലുള്ളത്.
ഗ്രീക്ക് മതവിശ്വാസത്തിന്റെ പ്രതീകമായി തെറ്റിദ്ധരിച്ചാണ് വീട്ടിലെ അടുക്കളയില്‍ ഈ ചിത്രം തൂക്കിയിട്ടിരുന്നത്. വീട്ടമ്മയ്ക്ക് ചിത്രത്തെ കുറിച്ചോ ചിത്രകാരനെ കുറിച്ചോ ഒന്നും വ്യക്തമായ അറിവുണ്ടായിരുന്നില്ലെന്ന് ചീമാബുവോയുടെ രചനയെ കുറിച്ച് പഠനം നടത്തിയ ജെറോം മോണ്ടോകൊക്വില്‍ പറഞ്ഞു.
സെന്നി ഡി പെപോയാണ് ചീമാബുവെ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്. നവോത്ഥാനകാലഘട്ടത്തിന് മുമ്പുള്ള കാലത്താണ് അദ്ദേഹം ജീവിച്ചിരുന്നത്. 1280 ആണ് ഇപ്പോള്‍ ലഭിച്ച ചിത്രത്തിന്റെ രചനാകാലമായി കണക്കാക്കപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ പതിനൊന്ന് അപൂര്‍വ്വ പെയിന്റിങ്ങുകള്‍ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.
ക്രിസ്തുവിന്റെ പീഡനാനുഭവവും കുരിശുമരണവും ഉള്‍പ്പെടുന്ന എട്ട് രംഗങ്ങള്‍ ഉള്‍പ്പെടുന്ന ചിത്രത്തിന്റെ ഒരു ഭാഗമാണ് കണ്ടെത്തിയിട്ടുള്ളത്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന പ്രദര്‍ശനത്തില്‍ ഈ പെയിന്റിങ് 6.59 മില്യണ്‍ ഡോളര്‍ (ഏകദേശം 47 കോടി രൂപ) ലേലത്തുക നേടുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Discussion about this post