ചുവപ്പില്‍ കുളിച്ച് ആകാശം, കാഴ്ചകള്‍ മറച്ച് പുകപടലങ്ങള്‍; ഭീതിയില്‍ ഇന്തോനേഷ്യയിലെ ജനങ്ങള്‍, അപൂര്‍വ്വ പ്രതിഭാസത്തിന് കാരണം ?

അന്തരീക്ഷം ചുവക്കാന്‍ കാരണം റെയ്‌ലി വികിരണം എന്ന പ്രതിഭാസമാണെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാംബി പ്രവിശ്യയില്‍ ആഴ്ചകളായി ഒരു അപൂര്‍വ്വ പ്രതിഭാസത്തിന് സാക്ഷിയായിരിക്കുകയാണ്. ആകാശം ചുവന്നു തുടുത്തതാണ് ആ പ്രതിഭാസം. കൂടാതെ കാഴ്ചകളെ മറച്ച് പുകപടലങ്ങളും നിറഞ്ഞിരിക്കുകയാണ്. ഇതോടെ ജനം ഭീതിയിലായിരിക്കുകയാണ്.

ലോകാവസാനമെന്ന് തോന്നിപ്പിക്കും വിധമുള്ള ഈ പ്രതിഭാസം കാട്ടുതീയുടെ ഫലമായാണ് ഉണ്ടായിരിക്കുന്നത്. എല്ലാ വര്‍ഷവും ഇവിടെ ഗ്രീഷ്മകാലത്ത് കൃഷിഭൂമിയും വനഭൂമിയും കത്തിക്കാറുണ്ട്. ഇതുമൂലം കനത്ത പുകയും മൂടല്‍മഞ്ഞും വ്യാപിക്കുകയും ചെയ്തു. അന്തരീക്ഷം ചുവക്കാന്‍ കാരണം റെയ്‌ലി വികിരണം എന്ന പ്രതിഭാസമാണെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്.

അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ താരതമ്യേന വലിയ കണങ്ങളിലൂടെ പ്രകാശം കടന്നുപോകുമ്പോഴാണ് അന്തരീക്ഷത്തില്‍ ചുവപ്പ് കലരുന്നത്. ഡല്‍ഹിയില്‍ ഹരിയാനയിലെയും പഞ്ചാബിലെയും പാടശേഖരങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന സ്‌മോഗിന് തുല്യമായ പ്രതിഭാസമാണിത്. രാജ്യത്തെ കര്‍ഷകരും വലിയ കാര്‍ഷിക കോര്‍പ്പറേറ്റ് കമ്പനികളുമാണ് ഇന്തോനേഷ്യയില്‍ വനഭൂമിയും കൃഷിഭൂമിയും കത്തിക്കാന്‍ കൂട്ടുനില്‍ക്കുന്നത്. സംഭവം ഏതായാലും ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Exit mobile version