യുണൈറ്റഡ് നേഷൻസ്: നോബേൽ സമ്മാനത്തിന് താൻ അർഹനാണെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതുവരെ ഒരു നോബേൽ സമ്മാനം തനിക്ക് ലഭിക്കാത്തത് കഷ്ടമാണെന്നും അമേരിക്കൻ പ്രസിഡന്റായതിന് പിന്നാലെ തന്നെ തനിക്ക് നോബേൽ ലഭിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം ഐക്യരാഷ്ട്രസഭയിൽ സംസാരിക്കവെ പങ്കുവെച്ചു.
തിങ്കളാഴ്ച യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുന്നതിനിടെയാണ് ട്രംപ് തന്റെ സ്വകാര്യ ദു:ഖം പങ്കുവെച്ചത്. ഒരുപാട് കാര്യങ്ങളുടെ പേരിൽ എനിക്ക് നോബേൽ സമ്മാനം കിട്ടേണ്ടതാണ്. അവർ അത് ന്യായമായും എനിക്ക് തരേണ്ടതാണ്, പക്ഷേ, നൽകുന്നില്ല. തനിക്ക് സമാധാനത്തിനുള്ള നോബേൽ നൽകാത്തത് അനീതിയാണെന്നും ട്രംപ് പറഞ്ഞു.
മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് 2009-ൽ നോബേൽ സമ്മാനം നൽകിയതിനെതിരേയും ട്രംപ് പരാമർശം നടത്തി. ഒബാമയ്ക്ക് സമാധാനത്തിനുള്ള നോബേൽ നൽകിയത് എന്തിനാണെന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നു. അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളും ജനങ്ങൾക്കിടയിലെ സഹകരണവും ശക്തമാക്കിയതിനാണ് ഒബാമയ്ക്ക് നോബേൽ സമ്മാനിച്ചത്. എന്നാൽ അദ്ദേഹം അമേരിക്കൻ പ്രസിഡന്റായത് കൊണ്ട് മാത്രമാണ് നോബേൽ ലഭിച്ചത്. ഒബാമ പ്രസിഡന്റായതിന് പിന്നാലെ തന്നെ അദ്ദേഹത്തിന് നോബേൽ സമ്മാനം നൽകി. പക്ഷേ, എന്തുകൊണ്ടാണ് നോബേൽ ലഭിച്ചതെന്ന് ഒബാമയ്ക്ക് പോലും അറിയില്ലെന്നും ട്രംപ് പറഞ്ഞു.