സോള്‍: രാജ്യവ്യാപകമായി നടക്കുന്ന പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരുവിധ തടസ്സങ്ങളുമില്ലാതെ നിശബ്ദ അന്തരീക്ഷം ഒരുക്കി ഒരു രാജ്യം. പ്രായോഗികമായ എല്ലാ നടപടികളും സ്വീകരിച്ച ശേഷമാണ് വിദ്യാര്‍ത്ഥികള്‍ക്കായി നിശബ്ദ ഒരുക്കിയത്. ദക്ഷിണകൊറിയയിലാണ് ദേശീയ സര്‍വകലാശാലയിലേയ്ക്ക് ഉള്ള പ്രവേശനപരീക്ഷയ്ക്കായി സര്‍ക്കാര്‍ ഇത്തരമൊരു സൗകര്യമൊരുക്കിയത്.
പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ഏകാഗ്രത നഷ്ടപ്പെടാതിരിക്കാനായിരുന്നു ഇത്. പരീക്ഷാദിവസം നിശ്ചിത ഉയരത്തില്‍ നിന്ന് താഴ്ന്ന് പറക്കരുതെന്ന നിര്‍ദേശം പ്രത്യേകമായി നല്‍കി. ചില വിമാനങ്ങള്‍ തിരിച്ചു വിടുക പോലുമുണ്ടായി. 134 വിമാനങ്ങള്‍ ഇത്തരത്തില്‍ വഴിതിരിച്ചു വിടുകയോ സമയം പുനര്‍ക്രമീകരിക്കുകയോ ചെയ്തിരുന്നു. ഓഫീസുകളും ബിസിനസ് സ്ഥാപനങ്ങളും ഒരു മണിക്കൂര്‍ വൈകിയാണ് പ്രവര്‍ത്തനമാരംഭിച്ചത്.
പരീക്ഷയ്ക്ക് പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗതാഗത തടസ്സം കൂടാതെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്താനായിരുന്നു ഇത്. ഗതാഗതക്കുരുക്കില്‍ പെട്ട വിദ്യാര്‍ഥികളെ പോലീസ് വാഹനങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളിലെത്തിച്ചു. സിംഗപ്പൂരിലായിരുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസാസന്ദേശമയച്ചു.
സ്‌കൂള്‍ പഠനത്തിനു ശേഷം മികച്ച സര്‍വകലാശാലകളില്‍ പ്രവേശനം നേടുകയെന്നത് ദക്ഷിണ കൊറിയയിലെ ഓരോ വിദ്യാര്‍ത്ഥിയുടേയും ലക്ഷ്യമാണ്. ഭാവിജീവിതം നിര്‍ണയിക്കുന്നതില്‍ ഈ പ്രവേശനപരീക്ഷ പ്രാധാന്യമര്‍ഹിക്കുന്നതിനാലാണ് എല്ലാ വിധ സൗകര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചത്. എട്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മാരത്തണ്‍ പരീക്ഷയാണ് സുനോങ്ക്. ഇക്കൊല്ലം ആറു ലക്ഷത്തോളം പേരാണ് രാജ്യത്തൊട്ടാകെ പരീക്ഷയില്‍ പങ്കെടുത്തത്. പരീക്ഷാഫലം സിസംബര്‍ അഞ്ചിന് പ്രസിദ്ധീകരിക്കും.