ഹൂസ്റ്റൺ: പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയിലെ ഇന്ത്യൻ ജനതയെ ഹൂസ്റ്റണിൽ അഭിസംബോധന ചെയ്യാനിരിക്കെ പ്രദേശത്ത് കനത്തമഴയും നാശനഷ്ടങ്ങളും. ടെക്‌സാസിലെ ഹൂസ്റ്റണിൽ ഞായറാഴ്ച നടക്കുന്ന ‘ഹൗഡി മോഡി’ പരിപാടിക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് മേഖലയിൽ വലിയ നാശനഷ്ടങ്ങളുണ്ടായത്. ടെക്സാസിൽ പലയിടങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതലാണ് മഴക്കെടുതി ആരംഭിച്ചത്.
അടിയന്തര രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണ്. നിരവധിയിടങ്ങളിൽ വൈദ്യുതി മുടങ്ങി. ജനങ്ങളോട് വീടിനുള്ളിൽത്തന്നെ കഴിയാനും സുരക്ഷാ മുൻകരുതലെടുക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. അതേസമയം, അടിയന്തര സാഹചര്യമാണ് നിലവിലുള്ളതെങ്കിലും ഹൗഡി മോഡി പരിപാടിക്കുള്ള ഒരുക്കങ്ങൾ മുടക്കമില്ലാതെ നടക്കുന്നതായാണ് റിപ്പോർട്ട്.
പ്രതീക്ഷിക്കുന്നതുപോലെ ജനങ്ങൾ പരിപാടിയിൽ പങ്കെടുക്കാൻ ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ എത്തിച്ചേരുമെന്നുതന്നെയാണ് കരുതുന്നതെന്ന് സംഘാടകരിലൊരാളായ അച്ലേഷ് അമർ പറഞ്ഞു. അമേരിക്കയിലെ ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന ‘ഹൗഡി മോഡി’ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വേദി പങ്കിടും. 50000 ഇന്ത്യക്കാരെയാണ് പരിപാടിയിൽ പ്രതീക്ഷിക്കുന്നത്. എന്നാൽ മഴ പരിപാടിക്ക് മേൽ കാർമേഘം വീശുകയാണ്.
Discussion about this post