അയര്‍ലന്‍ഡ്: പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിയെ മാന്യനാക്കി വെറുതെ വിട്ട നിലപാടിനോടുള്ള രോഷം പാര്‍ലമെന്റില്‍ വ്യത്യസ്തമായി അവതരിപ്പിച്ച് വനിതാ എംപി. അടിവസ്ത്രം കാണിച്ചാണ് തന്റെ ദേഷ്യവും നീതി ലഭിക്കാത്തതിന്റെ പ്രതിഷേധവും അറിയിച്ചത്. പതിനേഴുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ ആളെ വെറുതെ വിടാന്‍ വാദി ഭാഗം മുന്നോട്ട് വച്ച വാദങ്ങള്‍ക്കെതിരെയായിരുന്നു അയര്‍ലന്‍ഡ് പാര്‍ലമെന്റില്‍ വനിതാ എംപി റൂത്ത് കോപ്പിംഗര്‍ രംഗത്തെത്തിയത്.
ലേസ് നിര്‍മ്മിതമായ അടിവസ്ത്രവുമായാണ് റൂത്ത് പാര്‍ലമെന്റില്‍ എത്തിയത്. പീഡനത്തിലെ പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു പ്രതിഷേധം. പെണ്‍കുട്ടിയുടെ വസ്ത്രധാരണമായിരുന്നു ഇയാള്‍ക്ക് പീഡിപ്പിക്കാന്‍ പ്രകോപനം ആയതെന്ന് വാദി ഭാഗത്തിന്റെ പക്ഷം. ഇത് വിലയിരുത്തി പ്രതിയെ കോടതി വെറുതെ വിടുകയായിരുന്നു. പെണ്‍കുട്ടിയുടെ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നു നടന്നതെന്നും അതിനെ പീഡനമായി കാണാന്‍ സാധിക്കില്ലെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സമയത്ത് ധരിച്ചിരുന്ന നെറ്റ് നിര്‍മ്മിതമായിരുന്ന അടിവസ്ത്രമായിരുന്നു കേസില്‍ പെണ്‍കുട്ടിക്ക് എതിരായി വന്ന പ്രധാന തെളിവ്. കോടതി നടപടിക്കെതിരെ അയര്‍ലന്‍ഡില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നതിന് പിന്നാലെയായിരുന്നു പാര്‍ലമെന്റില്‍ റൂത്തിന്റെ പ്രതിഷേധം. ഇരയെ പഴിചാരി പ്രതിയെ വെറുതെ വിട്ടതിലുള്ള പ്രതിഷേധമായാണ് കേസിലെ പ്രധാന തെളിവിന് സമാനമായ അടിവസ്ത്രവുമായി റൂത്ത് പാര്‍ലമെന്റില്‍ എത്തിയത്. അടിവസ്ത്രം ഉയര്‍ത്തിക്കാണിച്ച് ഇതെങ്ങനെ ലൈംഗിക ബന്ധത്തിനുള്ള തെളിവാകുമെന്ന് റൂത്ത് ചോദിച്ചു.
അടിവസ്ത്രം പാര്‍ലമെന്റില്‍ കാണിക്കാന്‍ നാണക്കേടുണ്ട് എന്നാല്‍ ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് അവളുടെ അടിവസ്ത്രം ഉഭയസമ്മതമായി കണക്കാക്കാന്‍ കാരണമാകുമ്പോള്‍ ഈ അപമാനം തനിയ്ക്ക് നിസാരമാണെന്നും റൂത്ത് തുറന്നടിച്ചു. കോടതി വിധിക്കെതിരെ ശക്തമായ പ്രതിഷേധമാണ് അയര്‍ലന്‍ഡില്‍ നടന്നു വരുന്നത്. കോടതിയോട് ബഹുമാനമുള്ളത് കൊണ്ട് വിധിയെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഇതിനെതിരെ ശക്തമായ നിയമനിര്‍മ്മാണം നടത്താന്‍ പാര്‍ലമെന്റിന് സാധിക്കും. സത്വരമായ നടപടികള്‍ സ്വീകരിക്കുന്നത് സമാനമായ സംഭവങ്ങളില്‍ ഇരയ്ക്ക് നീതി ഉറപ്പാക്കുമെന്നും റൂത്ത് പാര്‍ലമെന്റില്‍ വിശദമാക്കി.
Discussion about this post