ക്വലാലംപുർ: വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെ വിട്ടുതരണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടിട്ടില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മൊഹമ്മദ്. ഈ മാസം റഷ്യയിൽ വച്ച് നടന്ന സാമ്പത്തിക ഫോറത്തിൽ താൻ മോഡിയെ നേരിൽ കണ്ടിരുന്നു, എന്നാൽ അന്നും സാകിർ നായിക്കിനെ ഇന്ത്യയ്ക്ക് വിട്ടുതരണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടില്ലെന്നും മഹാതിർ മൊഹമ്മദ് പറഞ്ഞു.
‘ഒരു രാജ്യത്തിനും അദ്ദേഹത്തെ വേണ്ട. ഞാൻ മോഡിയെ കണ്ടിരുന്നു. അദ്ദേഹം എന്നോട് സാകിർ നായിക്കിനെ കുറിച്ച് ചോദിച്ചില്ല’- ബിഎഫ്എം മലേഷ്യ റേഡിയോ സ്റ്റേഷനിൽ വച്ച് മഹാതിർ പറഞ്ഞു. സാകിർ നായിക്കിനെ അയക്കാനുള്ള സ്ഥലം അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മലേഷ്യയിൽ പൊതുപ്രഭാഷണം നടത്താൻ സാകിർ നായികിനെ ഇനി അനുവദിക്കില്ലെന്നും മഹാതിർ മൊഹമ്മദ് വ്യക്തമാക്കി. മലേഷ്യയിലുള്ള ചൈനക്കാരെ ചൈനയിലേക്ക് തിരിച്ചയക്കണമെന്ന് സാകിർ നായിക്ക് പ്രസംഗിച്ചത് വിവാദമായിരുന്നു.
‘മലേഷ്യൻ പൗരനല്ലാത്ത സാകിർ നായിക്കിന് സ്ഥിരതാമസത്തിനുള്ള അവകാശമാണ് കഴിഞ്ഞ സർക്കാർ അനുവദിച്ചത്. ആ അനുവാദം ഈ രാജ്യത്തെ നിയമത്തെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും പറയാനുള്ള അനുവാദമല്ല. അദ്ദേഹം ആ നിയമം തെറ്റിച്ചു. അദ്ദേഹത്തെ മാറ്റാനുള്ള സ്ഥലം നോക്കുകയാണ് ഞങ്ങൾ. പക്ഷെ ആർക്കും അദ്ദേഹത്തിനെ ആവശ്യമില്ല’ എന്നും മഹാതിർ മൊഹമ്മദ് പറഞ്ഞു.
Discussion about this post