ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പുരസ്‌കാരം നൽകാനുള്ള യുഎസിലെ ബിൽ ആൻഡ് മെലിൻഡാ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ തീരുമാനത്തിനെതിരെ ജനങ്ങൾ. മോഡിയുടെ സ്വച്ഛ് ഭാരത് പദ്ധതിക്കാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ ജീവിതസാഹചര്യങ്ങളിൽ മികച്ച സ്വാധീനമുണ്ടാക്കാൻ ഈ പദ്ധതിക്ക് സാധിച്ചെന്ന വിലയിരുത്തലിലാണ് പുരസ്‌കാരം നൽകുന്നത്.
അമേരിക്കൻ സന്ദർശനത്തിനിടെ ഈ മാസം 24നാണ് മോഡി പുരസ്‌കാരം ഏറ്റുവാങ്ങുക. ഇതിനിടെയാണ് മനുഷ്യാവകാശ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പുരസ്‌കാരം നൽകരുതെന്ന് കാണിച്ച് സൗത്ത് ഏഷ്യൻ അമേരിക്കൻ അക്കാദമി പുറത്തിറക്കിയ നിവേദനത്തിൽ ഒരുലക്ഷത്തോളം ആളുകൾ ഒപ്പുവെച്ച് പ്രതിഷേധത്തിന്റെ ഭാഗമായിരിക്കുകയാണ്.
മോഡി ഭരണത്തിൻ കീഴിൽ രാജ്യത്തിനകത്ത് മനുഷ്യാവകാശ ലംഘനങ്ങൾ തുടരുകയാണ് അങ്ങനെയിരിക്കെ എങ്ങനെ ഈ വ്യക്തിക്ക് മാനവികതയുടെ പേരിൽ പുരസ്‌കാരം നൽകുക എന്നാണ് പ്രതിഷേധക്കാർ ചോദിക്കുന്നത്. ഗുജറാത്ത് കലാപവും കാശ്മീരിലെ സമീപകാല നിലപാടുകളും ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ പ്രവർത്തകർ എതിർപ്പ് ശക്തമാക്കുന്നത്.