കൊച്ചി: അങ്ങ് ദൂരെ ചുവന്ന് തിളങ്ങുന്ന ചൊവ്വ എന്നും ശാസ്ത്രലോകത്തിന് കൗതുകമാണ്. ഒട്ടേറെ പഠനങ്ങൾ നടക്കുന്ന ചൊവ്വയിലേക്ക് നാസയുടെ മാർസ് റോവർ 2020ൽ പറക്കും. ഈ മാർസ് റോവറിൽ പറക്കാൻ താൽപര്യപ്പെടുന്ന ശാസ്ത്ര കുതുകികൾക്ക് പ്രവേശനപ്പാസും നാസ നൽകുന്നുണ്ട്. ഇത് കിട്ടാനുള്ള തള്ളിക്കയറ്റത്തിൽ മുൻപന്തിയിൽ തന്നെ ഇടം പിടിച്ചിരിക്കുകയാണ് ഇന്ത്യാക്കാർ. മാർസ് റോവറിൽ യാത്രചെയ്യാനാകില്ലെങ്കിലും നമ്മുടെ പേരുകൾ ചൊവ്വയിലെത്തിക്കാം എന്ന നാസയുടെ പ്രഖ്യാപനം ആവേശപൂർവമാണ് ഇന്ത്യക്കാർ സ്വീകരിച്ചത്.
വ്യാഴാഴ്ചയാണ് നാസ ട്വിറ്ററിലൂടെ ഈ ആശയം ലോകത്തോട് വിളിച്ചുപറഞ്ഞത്. വെള്ളിയാഴ്ച വൈകീട്ട് ആറുവരെ 1,258,674 ഇന്ത്യക്കാരാണ് ഇതുവരെ തങ്ങളുടെ പേരുകൾ ബോർഡിങ് പാസിനായി രജിസ്റ്റർ ചെയ്തത്. രജിസ്‌ട്രേഷൻ കണക്കിൽ ലോകത്തിൽ രണ്ടാമതാണ് ഇന്ത്യ. 2,518,514 പേർ രജിസ്റ്റർ ചെയ്ത് തുർക്കി ഒന്നാംസ്ഥാനത്താണ്. മൊത്തത്തിൽ 9,149,160 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
നാസയുടെ വെബ്‌സൈറ്റിൽ ‘സെന്റ് യുവർ നെയിം’ എന്ന വിഭാഗത്തിലാണ് പേരുകൾ രജിസ്റ്റർ ചെയ്യാനാകുക. രജിസ്റ്റർ ചെയ്തുകഴിയുമ്പോൾ തന്നെ മനോഹരമായ ഒരു ബോർഡിങ് പാസും ലഭിക്കും. മാർസ് റോവറിന്റെ ചിത്രത്തോടൊപ്പം രജിസ്റ്റർ ചെയ്തവരുടെ പേര്, റോക്കറ്റിന്റെ പേര്, പോകുന്ന മാസം, ബാർകോഡ് തുടങ്ങിയവയൊക്കെയാണ് ബോർഡിങ് പാസിൽ അടങ്ങിയിരിക്കുന്നത്. ഈ പേരുകൾ മൈക്രോചിപ്പിലാക്കി മാർസ് റോവറിൽ ചൊവ്വയിലേക്ക് അയക്കും. പേരുകൾ ഈ മാസം 30 വരെ രജിസ്റ്റർ ചെയ്യാനാകും.
Discussion about this post