ഏറെ നാളത്തെ പ്രണയത്തിനും നിശ്ചയിച്ച് ഉറപ്പിച്ച വിവാഹതീയതിക്കായുള്ള കാത്തിരിപ്പും വിഫലമാക്കി അവനെ വിമാനാപകടം കവര്‍ന്നിട്ടും അവള്‍ തകര്‍ന്നില്ല, അവന്റെ അവസാനത്തെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ വിവാഹവേഷത്തില്‍ അവളെത്തി. വിധി തട്ടിയെടുത്തെങ്കിലും അവന്‍ അവസാനമായി പറഞ്ഞ ആ വാക്കുകളായിരുന്നു അവളുടെ ശക്തി. മറ്റുള്ളവരുടെ വിമര്‍ശനങ്ങളോ തളര്‍ത്തലുകളോ അവള്‍ കേട്ടില്ല, ജീവിതത്തിന്റെ പാതിവഴിയില്‍ തന്നെ ഉപേക്ഷിച്ചുപോകേണ്ടി വന്ന പ്രിയതമന്‍ റിയോ നന്ദ പ്രഥമയ്ക്കായി അവള്‍ ആ വിവാഹവസ്ത്രം അണിഞ്ഞ് അവന്റെ ഫോട്ടോ ചേര്‍ത്ത് പിടിച്ച് പുഞ്ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തു.
ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്നുള്ള ഈ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ കണ്ണീരാകുന്നത്.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ ക്ഷണിച്ച് വിവാഹത്തിന്റെ ഒരുക്കങ്ങളുമായി ഇന്റാന്‍ സ്യാരിയും റിയോ നന്ദ പ്രഥമയും മുന്നോട്ട്ു പോവുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് ഒരു ദിവസം വിധി എല്ലാ തകര്‍ത്തു. ഒക്ടോബര്‍ 29നുണ്ടായ ഇന്തോനേഷ്യന്‍ വിമാനപകടത്തില്‍ പ്രതിശ്രുത വരന്‍ റിയോ നന്ദ മരിച്ചു. ഇതോടെ നവംബര്‍ 11ന് നടക്കേണ്ടിയിരുന്ന വിവാഹം ഒഴിവാക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. എന്നാല്‍ വിവാഹത്തിനായി കാത്തിരുന്ന ഇന്റാന്‍ സ്യാരിയുടെ തീരുമാനം മറ്റൊന്നായിരുന്നു. താന്‍ വിവാഹ വസ്ത്രമണിഞ്ഞെത്തുന്നതാണ് ഏറ്റവും വലിയ സ്വപ്നമെന്ന് പറഞ്ഞിട്ടുള്ള പ്രിയ കൂട്ടുകാരന്റെ ആഗ്രഹം സഫലമാക്കുകയായിരുന്നു അവളുടെ ലക്ഷ്യം.
ബാംഗ്ക്ക ദ്വീപ് സ്വദേശികളായ ഇന്റാന്‍ സ്യാരിയുടെയും റിയോ നന്ദ പ്രഥമയുടെയും വിവാഹം നവംബര്‍ 11നാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒക്ടോബര്‍ 29നുണ്ടായ ലയന്‍ എയര്‍ വിമാനപകടത്തില്‍ റിയോ കൊല്ലപ്പെട്ടു. പ്രിയപ്പെട്ട റിയോ ഇല്ലെങ്കിലും വിവാഹം റദ്ദാക്കുന്ന കാര്യം ഇന്റാന് ആലോചിക്കാന്‍ പോലും സ്യാരിക്ക് വയ്യായിരുന്നു. അതിന് അവള്‍ക്കൊരു കാരണമുണ്ടായിരുന്നു. വിവാഹം എങ്ങനെയായിരുന്നോ നടക്കേണ്ടിയിരുന്നത് അതുപോലെയൊക്കെ നടന്നു, തന്റെ പ്രിയപ്പെട്ടവന്റെ ആഗ്രഹം പോലെ. അവള്‍ വെളുത്ത വിവാഹവസ്ത്രമണിഞ്ഞ് അതിസുന്ദരിയായെത്തി. വിവാഹ ചിത്രങ്ങള്‍ എടുത്തു. ചടങ്ങുകളും നടന്നു. പ്രതീക്ഷിച്ചപോലെ അവന്റെ സാമിപ്യമില്ലാതെ, അവന്റെ ഫോട്ടോയെ സാക്ഷിയാക്കി എല്ലാം അവള്‍ ഒറ്റയ്ക്ക് ചെയ്തു തീര്‍ത്തു.
ജക്കാര്‍ത്തയില്‍ നിന്ന് വിവാഹത്തിനായാണ് സുമാത്രയ്ക്കടുത്തുള്ള ബാംഗ്ക്ക ദ്വീപിലേക്ക് റിയോ വിമാനത്തില്‍ പുറപ്പെട്ടത്. എന്നാല്‍ വിമാനം പറന്നുയര്‍ന്ന് അല്‍പ്പസമയത്തിനകം യന്ത്രത്തകരാറിനെ തുടര്‍ന്ന് കടലില്‍ തകര്‍ന്ന് വീഴുകയായിരുന്നു.
ജക്കാര്‍ത്തയില്‍നിന്ന് പുറപ്പെടുന്നതിന് മുമ്പ് റിയോ, ഇന്റാന് അയച്ച സന്ദേശംഇങ്ങനെയായിരുന്നു. ‘ഒരുപക്ഷേ എനിക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ലെങ്കില്‍ വിവാഹവുമായി നീ മുന്നോട്ടുപോകുക, ചടങ്ങുകള്‍ മുടക്കണ്ട. നിനക്കായി ഞാന്‍ വാങ്ങിത്തന്ന വിവാഹവസ്ത്രം അണിഞ്ഞ്, വെള്ള റോസപ്പൂവും കൈയില്‍പിടിച്ച് ഫോട്ടോയെടുത്ത് എനിക്ക് അയച്ചു തരുക’. വിധിയുടെ ക്രൂരതയില്‍ റിയോ ദുസ്വപ്‌നം കണ്ടപോലെ വിവാഹത്തിന് എത്താനായില്ല, പ്രിയതമയെ അവസാനമായി ഒന്നുകാണാന്‍ പോലുമാകാതെ അവന്‍ യാത്രയാവുകയായിരുന്നു.
അതേസമയം, ഹൃദയസ്പര്‍ശിയായ വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇന്റാന്‍ ഷെയര്‍ ചെയ്തതോടെയാണ് ഈ അനശ്വര പ്രണയത്തിന്റെ കഥ പുറംലോകമറിഞ്ഞത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയുടെ കണ്ണുകള നനയിച്ച് ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്.